കള്ളുകുടി വീഡിയോ: യുവതി അറസ്റ്റിൽ
Friday, March 24, 2023 1:05 AM IST
തൃശൂർ: കള്ളുകുടിക്കുന്ന വീഡിയോയിൽ പ്രത്യക്ഷപ്പെട്ട യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ചേർപ്പ് സ്വദേശിനി അഞ്ജനയെയാണ് അറസ്റ്റ് ചെയ്തത്. മദ്യപാനം പ്രോത്സാഹിപ്പിച്ചെന്ന കുറ്റത്തിനാണു നടപടി. ഇൻസ്റ്റഗ്രാം പേജിനു റീച്ച് കൂട്ടാനാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് എക്സൈസ് പറഞ്ഞു.
വീഡിയോയ്ക്കെതിരേ കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ. ജോസഫ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകിയിരുന്നു.
ലഹരിവിരുദ്ധ പ്രചാരണം നടത്തുന്ന ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് കള്ളുഷാപ്പിൽ മദ്യപിക്കുന്ന പരസ്യ വീഡിയോ പ്രചരിപ്പിക്കുന്നത് ഗുരുതരമായ നിയമ ലംഘനമാണെന്നു പരാതിയിൽ വ്യക്തമാക്കിയിരുന്നു. വീഡിയോയിൽ മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നെഴുതാത്തതിനാണ് അറസ്റ്റ് ചെയ്തതെന്നും എക്സൈസ് വ്യക്തമാക്കി.
യുവതികൾ കൂട്ടമായി കള്ളുഷാപ്പിലെത്തി മദ്യപിക്കുന്നത് ചിത്രീകരിച്ചാണു വീഡിയോ ഇറക്കിയത്. ഇത് സമൂഹമാധ്യമത്തിൽ വൈറലായതോടെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ നടപടി.