കെപിസിസി പുനഃസംഘടനയ്ക്ക് ഉപസമിതിയായി; വൈകാതെ പൂർത്തിയായേക്കും
Thursday, March 23, 2023 2:17 AM IST
തിരുവനന്തപുരം: ഡിസിസി, ബ്ലോക്ക് പുനഃസംഘടന പൂർത്തീകരിക്കാനായി ഏഴംഗ ഉപസമിതിക്കു കെപിസിസി രൂപം നൽകി. ജില്ലാതല സമിതികൾ കെപിസിസിക്കു കൈമാറിയ പട്ടിക പരിശോധിച്ച് പത്തു ദിവസത്തിനകം ജില്ലാ, ബ്ലോക്കുതല പുനഃസംഘടനാ പട്ടിക കെപിസിസിക്കു കൈമാറാൻ ഉപസമിതിക്ക് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നിർദേശം നൽകി.
കൊടിക്കുന്നിൽ സുരേഷ് എംപി, ടി. സിദ്ദിഖ് എംഎൽഎ, കെ.സി. ജോസഫ്, എ.പി. അനിൽകുമാർ എംഎൽഎ, ജോസഫ് വാഴയ്ക്കൻ, കെ. ജയന്ത്, എം. ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങൾ.
പുനഃസംഘടനയുമായി വിയോജിച്ചു നിന്ന ഗ്രൂപ്പുകളുടെ സഹകരണം നേടിയെടുക്കാൻ ഇതുവഴി സാധിക്കുമെന്നാണു കെപിസിസി നേതൃത്വത്തിന്റെ നിലപാട്. ജില്ലകളിൽനിന്നു പുനഃസംഘടനാ സമിതി കെപിസിസിക്കു കൈമാറിയ ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടികയിൽനിന്ന് അന്തിമപട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം.
എഐസിസി സമ്മേളനത്തിനുള്ള പ്രതിനിധികളെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേർന്ന് ഏകപക്ഷീയമായി നിശ്ചയിച്ചതിനു ഗ്രൂപ്പുകൾക്കു പരാതിയുണ്ടായിരുന്നു. കേരളത്തിൽനിന്നുള്ള എംപിമാരും നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. ഇവർ ഹൈക്കമാൻഡിനെ പരാതി അറിയിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടർന്ന് ഡിസിസി, ബ്ലോക്ക് പുനഃസംഘടനയോടു സഹകരിക്കാതെ ഗ്രൂപ്പുകൾ മാറിനിൽക്കുകയായിരുന്നു. പുനഃസംഘടന ഏകപക്ഷീയമായി നടപ്പാക്കാതിരിക്കാൻ ഉപസമിതിയെ നിയോഗിക്കണമെന്ന അവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടതോടെ ഇനി വേഗത്തിൽ പുനഃസംഘടന പൂർത്തിയാക്കാനാകുമെന്നാണു നേതൃത്വത്തിന്റെ പ്രതീക്ഷ.
പലതവണ സമയക്രമം പ്രഖ്യാപിച്ചിട്ടും പുനഃസംഘടന പൂർത്തിയാക്കാൻ സാധിക്കാത്തതിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അസ്വസ്ഥനായിരുന്നു.
ഗ്രൂപ്പ് പ്രാതിനിധ്യം ഉണ്ടാകില്ലെന്നു കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയെങ്കിലും ഉപസമിതിയിൽ ഗ്രൂപ്പ് പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്.