വൈദ്യുതി വിച്ഛേദിക്കുംമുന്പ് ഉപയോക്താക്കളെ അറിയിക്കണം: മന്ത്രി
Wednesday, March 22, 2023 12:50 AM IST
തിരുവനന്തപുരം: വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുംമുന്പ് ഉപയോക്താവിനെ വിവരം അറിയിച്ചെന്ന് ഉറപ്പുവരുത്താൻ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചു.
ബില്ലടയ്ക്കാത്തതിനാൽ വൈദ്യുതി ബന്ധം വിഛേദിക്കുന്ന കാര്യം എസ്എംഎസ്, ഇമെയിൽ എന്നിവ വഴി ഉപയോക്താക്കളെ അറിയിക്കും. ഇതിലേക്കായി ഉപഭോക്താക്കളുടെ ഫോണ് നന്പർ മീറ്റർ റീഡർമാർ വഴിയും കാഷ് കൗണ്ടർ വഴിയും അപ്ഡേറ്റ് ചെയ്യും.
പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നു വരെ മാത്രമായി വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് നിയന്ത്രിക്കും. വൈദ്യുതി ബന്ധം വിഛേദിച്ചാൽ രജിസ്റ്റർ ചെയ്ത ഫോണ് നന്പർ വഴി ഇക്കാര്യം ഉപഭോക്താവിനെ അറിയിക്കും. അവധി ദിവസങ്ങളിൽ ഉൾപ്പടെ വൈദ്യുതി ബിൽ അടച്ചു കഴിഞ്ഞാൽ വൈദ്യുതി പുനഃസ്ഥാപിക്കാനും മന്ത്രി നിർദേശിച്ചു.