ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിലും കെട്ടിടനികുതി കണക്കാക്കും; പ്രധാന റോഡുകളോടു ചേർന്നുള്ള വീടുകൾക്ക് വൻ നികുതി
Wednesday, March 22, 2023 12:12 AM IST
തിരുവനന്തപുരം: ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിലും കെട്ടിടനികുതി കണക്കാക്കുന്ന സംവിധാനം സംസ്ഥാനത്തു നിലവിൽ വരുമെന്നു നിയമസഭ പാസാക്കിയ ധനകാര്യ ബില്ലിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കെട്ടിടത്തിന്റെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിലാണു വസ്തുനികുതി (കെട്ടിട നികുതി) കണക്കാക്കുന്നത്.
ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ നികുതി കണക്കാക്കുന്ന സംവിധാനം നിലവിൽ വന്നാൽ, പ്രധാന റോഡുകളോടു ചേർന്നുള്ള വീടുകൾക്ക് വൻ തുക കെട്ടിടനികുതിയായി നൽകേണ്ടി വരും. കെട്ടിടനികുതി ഓരോ വർഷവും അഞ്ചു ശതമാനം വീതം വർധിപ്പിക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
കെട്ടിട നികുതി സമയത്ത് അടയ്ക്കാതിരുന്നാൽ ചുമത്തുന്ന പിഴത്തുക ഒരു ശതമാനത്തിൽ നിന്നു രണ്ടു ശതമാനമായി ഉയർത്തും. ഏറെ പ്രതിഷേധമുയർന്നെങ്കിലും രണ്ടു രൂപ ഇന്ധന സെസിനും മാറ്റം വരുത്തിയിട്ടില്ല. വിൽപന നടന്ന ഭൂമി മൂന്നു മാസത്തിനുള്ളിൽ വീണ്ടും വിറ്റാൽ സ്റ്റാംപ് ഡ്യൂട്ടി ഇരട്ടി നൽകണമെന്ന വ്യവസ്ഥ റദ്ദാക്കി. മൂന്നിനും ആറുമാസത്തിനും ഇടയ്ക്കു വിറ്റാലും സ്റ്റാംപ് ഡ്യൂട്ടി എട്ടുശതമാനമാക്കി.
ഗ്രാൻഡ് കൈപ്പറ്റുന്ന സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ അനുബന്ധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്കു നികുതി സൗജന്യം തുടരും. എന്നാൽ, ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഹോസ്റ്റൽ കെട്ടിടങ്ങളുടെയും നികുതി സൗജന്യം ഒഴിവാക്കും. പൊതു ആരാധനയ്ക്കായി നീക്കിവച്ചിട്ടുള്ള കെട്ടിടങ്ങൾ, മതപഠശാലകൾ എന്നിവയ്ക്കുള്ള ഇളവു തുടരും.
കോടതി ഫീസ് ഒരു ശതമാനം:തീരുമാനം ഉപേക്ഷിച്ചു
മാനനഷ്ടം, സിവിൽ നിയമലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ ഒരു ശതമാനമായി നിജപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കും.
ഇന്നലെ അവതരിപ്പിച്ച ധനകാര്യ ബില്ലിലെ നിർദേശം ഭേദഗതി ചെയ്യാനാണു തീരുമാനം. ഇതോടെ മാനനഷ്ടം, സിവിൽ നിയമലംഘനം എന്നിവയ്ക്ക് ഇപ്പോൾ ഈടാക്കുന്ന തുക തന്നെ അടച്ചാൽ മതിയാകും.