അനുരഞ്ജന ചർച്ചയ്ക്കു വിളിക്കാതെ സർക്കാർ സഭാ സ്തംഭനസമരവുമായി മുന്നോട്ടെന്നു പ്രതിപക്ഷം
Tuesday, March 21, 2023 1:46 AM IST
തിരുവനന്തപുരം: നിയമസഭാ സ്തംഭനം ഒഴിവാക്കാൻ പ്രതിപക്ഷവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തുമെന്ന പ്രചാരണമുണ്ടായെങ്കിലും ഇന്നലെ പ്രതിപക്ഷവുമായി സർക്കാർ ഒരുതരത്തിലുള്ള അനുരഞ്ജന ചർച്ചയും നടന്നില്ല. ഇതേത്തു ടർന്നു നിയമസഭാ നടപടികൾ തടസപ്പെടുത്തുന്ന സമര പരിപാടികളുമായി മുന്നോട്ടു പോകാനാണു പ്രതിപക്ഷ തീരുമാനം.
യുഡിഎഫ് പ്രതിപക്ഷത്തിരുന്ന കാലഘട്ടങ്ങൾക്കു വ്യത്യസ്തമായി കടുത്ത സമരപരിപാടികളുമായി മുന്നോട്ടുപോകാനാണു തീരുമാനം. ചർച്ച നടന്നില്ലെങ്കിൽ ഇന്നും സഭാസ്തംഭനം തുടർന്നേക്കും.
രാവിലെ മുഖ്യമന്ത്രി വിളിക്കുന്ന സമവായ ചർച്ചയ്ക്കു ശേഷമാകും നിയമസഭാസമ്മേളനം ചേരുന്നതെന്നായിരുന്നു പ്രചാരണം. ഇതേത്തുടർന്ന് രാവിലെ ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷം നിയമസഭാ നടപടികൾ തടസപ്പെടുത്തി.
തുടർന്നു സഭ താത്കാലികമായി നിർത്തിവച്ച ശേഷം കാര്യോപദേശക സമിതിയോഗത്തിനു ശേഷം ചേരുമെന്നായിരുന്നു പ്രചാരണം. കാര്യോപദേശക സമിതിയിലേക്ക് സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരിട്ടു വിളിച്ചില്ല. പകരം സ്പീക്കറുടെ ഓഫീസിൽ നിന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ഓഫീസിലേക്ക് അറിയിക്കുകയായിരുന്നു. ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാതെ നിയമസഭാ സമ്മേളന നടത്തിപ്പു സംബന്ധിച്ച കാര്യോപദേശക സമിതി യോഗത്തിൽ പങ്കെടുക്കില്ലെന്നു പ്രതിപക്ഷം നേരത്തേ വ്യക്തമാക്കിയിരുന്നു.
അടിയന്തര പ്രമേയ വിഷയത്തിൽ മുൻ സ്പീക്കർമാർ സ്വീകരിച്ച നിലപാടു തുടരുമെന്നും നിയമസഭാ സംഘർഷത്തിൽ ചട്ടത്തിനു വിരുദ്ധമായ ഒരു നിലപാടും സ്വീകരിക്കില്ലെന്നും സ്പീക്കർ റൂളിംഗിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ, സ്പീക്കറുടെ റൂളിംഗിന് വിരുദ്ധമായ നിലപാടാണ് സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രി സ്വീകരിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.