ആത്മീയചൈതന്യമുള്ള ഇടയശ്രേഷ്ഠന്: കര്‍ദിനാള്‍ മാർ ആലഞ്ചേരി
Sunday, March 19, 2023 2:00 AM IST
ആത്മീയചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്പിക്കുകയും വഴിനടത്തുകയുംചെയ്ത ഇടയശ്രേഷ്ഠനായിരുന്നു മാര്‍ ജോസഫ് പവ്വത്തില്‍ പിതാവെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരിച്ചു.
തിരുസഭയുടെ പ്രബോധനങ്ങള്‍ മുറുകെപ്പിടിച്ചുള്ള ശക്തമായ നിലപാടുകള്‍കൊണ്ടു ശ്രദ്ധേയനായിരുന്ന അദ്ദേഹം എഴുത്തും വായനയുമായി ഈ അടുത്ത ദിവസങ്ങള്‍ വരെ സജീവമായിരുന്നു.
ഭാരത കത്തോലിക്കാ മെത്രാന് സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാന് സമിതിയുടെയും (കെസിബിസി) അധ്യക്ഷന്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ ചെയര്മാന് തുടങ്ങിയ നിലകളില്‍ പിതാവ് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ബനഡിക്ട് മാര്‍പാപ്പ "സഭയുടെ കിരീടം' എന്നു വിശേഷിപ്പിച്ച പവ്വത്തില്‍ പിതാവിന്റെ കാലത്താണ് സീറോ മലബാര്‍ സഭയുടെ തനിമ വീണ്ടെടുക്കാനും ആരാധനക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നതും വിദ്യാഭ്യാസവിഷയങ്ങളില്‍ കാലികപ്രസക്തമായ ഇടപെടലുകള്‍ ഉണ്ടായതുമെന്ന് കര്‍ദിനാള്‍ അനുസ്മരിച്ചു.
സഭയെ ജീവനുതുല്യം സ്നേഹിക്കുകയും ആത്മീയതയുടെ ഔന്നത്യത്തില്‍ ജീവിക്കുകയും ചെയ്ത മാര്‍ ജോസഫ് പവ്വത്തില്‍ കത്തോലിക്കാ സഭയുടെ ആധികാരിക സ്വരമായിരുന്നു. പിതാവിന്റെ പ്രവാചകധീരതയോടെയുള്ള പ്രതികരണങ്ങള്‍ സമൂഹം ഉറ്റുനോക്കിയിരുന്നതാണ്. ജനപ്രീതി നോക്കാതെ പറയേണ്ട കാര്യങ്ങള്‍ കൃത്യമായി പറഞ്ഞിരുന്ന ഇടയശ്രേഷ്ഠനായിരുന്നു പവ്വത്തില്‍ പിതാവ്.
സത്യത്തിനുവേണ്ടി നിലകൊള്ളുന്ന പ്രവാചകന്റെ മനസായിരുന്നു അദ്ദേഹത്തിന്. അല്മായവിശ്വാസികളെ സഭാശുശ്രൂഷാ രംഗങ്ങളില്‍ ചേര്‍ത്തുനിർത്തി പ്രോത്സാഹിപ്പിച്ച ഇടയനായിരുന്നു അദ്ദേഹം. മേല്‍പ്പട്ടശുശ്രൂഷയിലൂടെ അജഗണങ്ങളെ പരിപാലിക്കുന്നതിനൊപ്പം ഇതര സമുദായങ്ങളുടെയും ക്ഷേമത്തിനായി കര്‍ത്തവ്യനിരതനായ പവ്വത്തില്‍ പിതാവിന്റെ വേര്‍പാട് എല്ലാവര്ക്കും ദുഃഖകരമാണ്.
വികസനോന്മുഖമായ കാഴ്ചപ്പാടോടെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും സമൂഹത്തിലെ പാര്ശ്വവത്കരിക്കപ്പെട്ടവര്ക്കുവേണ്ടിയും പിതാവിന്റെ നിരന്തരവും ഫലപ്രദവുമായ ഇടപെടലുകള്‍ വിലമതിക്കാനാകാത്തതാണ്. നിലപാടുകളില്‍ ഒരിക്കലും വെള്ളം ചേര്‍ക്കാത്ത അഭിവന്ദ്യ പിതാവിന്റെ പ്രഭ തലമുറകളെ ജ്വലിപ്പിക്കട്ടെ.
പിതാവിന്റെ നിര്യാണത്തില്‍ ദുഃഖാര്‍ത്തരായ എല്ലാവരോടും അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം പ്രാര്‍ഥനാനിര്‍ഭരമായ ആദരാഞ്ജലികള്‍ അർപ്പിക്കുന്നതായും മാർ ആലഞ്ചേരി പറഞ്ഞു.