സ്വര്ണവിലയിൽ റിക്കാർഡ് കുതിപ്പ്
Sunday, March 19, 2023 1:02 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില സർവകാല റിക്കാര്ഡ് പുതുക്കി. ഇന്നലെ ഗ്രാമിന് 150 രൂപയും പവന് 1200 രൂപയുമാണു വര്ധിച്ചത്. ഇതോടെ സ്വര്ണം ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയുമായി. ഈ മാസം ആദ്യം മുതല് പവന് 42,000 രൂപയ്ക്കു മുകളിലാണ് സ്വര്ണവ്യാപാരം നടക്കുന്നത്.
യുഎസിലെ സിലിക്കണ്വാലി, സിഗ്നേച്ചര്, സില്വര് ഗേറ്റ് ബാങ്കുകളുടെ തകര്ച്ചയും സ്വിസ് ബാങ്ക് തകര്ച്ചയിലേക്കെന്ന വാര്ത്തകളും സ്വര്ണവില ഉയരാന് കാരണമായതായി കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര് എസ്. അബ്ദുള് നാസര് പറഞ്ഞു.
അമേരിക്കയും ചില യൂറോപ്യന് രാജ്യങ്ങളും മുമ്പെങ്ങുമില്ലാത്ത സാമ്പത്തികമാന്ദ്യത്തിലേക്കെന്ന വാര്ത്തകളെത്തുടർന്ന് സ്വര്ണവില വീണ്ടും ഉയരുമെന്നാണു സൂചന.