രാജഗിരി കോളജിൽ ടേബിള്‍ ടെന്നീസ് അക്കാദമി ഉദ്ഘാടനം ചെയ്തു
Sunday, March 19, 2023 1:02 AM IST
കൊച്ചി: യുവാക്കള്‍ പുതിയ ഇന്ത്യയുടെ ശില്പികളാകണമെന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. കാക്കനാട് രാജഗിരി കോളജില്‍ ടേബിള്‍ ടെന്നീസ് അക്കാദമി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന് പ്രസിഡന്റ് പദ്മജ മേനോന് അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര കായികലോകത്ത് മികച്ച സംഭാവനകള്‍ നല്കിയവരും നിലവില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരുമായ മേഴ്സിക്കുട്ടന്‍ (അത്ലറ്റ്), സി.സി. ജേക്കബ് (ഫുട്ബോള്‍), സുബാഷ് ജെ. ഷേണായി (ബാസ്കറ്റ്ബോള്‍), ജോര്‍ജ് തോമസ് (ബാഡ്മിന്റണ്‍), ജയറാം (ക്രിക്കറ്റ്), വി. ശ്രീനിവാസന് (ടേബിള്‍ ടെന്നീസ്), എ. രാധിക സുരേഷ് (ടേബിള്‍ ടെന്നീസ്) എന്നിവര്‍ക്കു മന്ത്രി ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരങ്ങള്‍ നല്കി.
രാജ്യത്തെ കായികപ്രതിഭകളെ ലോകനിലവാരത്തില്‍ എത്തിക്കുകയെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വേഗത കൂട്ടുകയാണ് ഈ അക്കാദമിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സേക്രഡ് ഹാര്‍ട്ട് പ്രൊവിന്‍സ് വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. എം.ഡി. സാജു പറഞ്ഞു.
മികച്ച വിദ്യാഭ്യാസത്തിനൊപ്പം ആരോഗ്യക്ഷമതയുമുള്ള യുവജനങ്ങളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ മികച്ച സംഭാവനകളുമായി രാജഗിരി എന്നും ഒപ്പമുണ്ടാകുമെന്ന് രാജഗിരി ബിസിനസ് സ്കൂള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് സെബാസ്റ്റ്യൻ പറഞ്ഞു.
പദ്മജ എസ്. മേനോന്, ആര്‍സിഎസ്എസ് പ്രിന്‍സിപ്പൽ ഡോ. ബിനോയ് ജോസഫ്, രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പൽ സജി വര്‍ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.