സംസ്ഥാന ബജറ്റിനെതിരേ പ്രക്ഷോഭത്തിന് ബിജെപി
Monday, February 6, 2023 1:16 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റേത് ജനദ്രോഹ ബജറ്റെന്ന് ആരോപിച്ച് വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നു ബൂത്ത് തലങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. തുടര്‍ന്ന് ഒമ്പതിന് എല്ലാ ജില്ലകളിലും കളക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പറഞ്ഞു.
കേന്ദ്രവിഹിതം ഒന്നും ലഭിക്കുന്നില്ലെന്ന ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്രസ്താവന പച്ചക്കള്ളമാണ്. യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തെ വിഹിതവും എന്‍ഡിഎ സര്‍ക്കാരിന്റെ കഴിഞ്ഞ എട്ടുവര്‍ഷത്തെ സംസ്ഥാന വിഹിതവും സംബന്ധിച്ച രേഖകള്‍ പുറത്തുവിടണം. കണക്കുകള്‍ വെളിപ്പെടുത്തി ധവളപത്രം സര്‍ക്കാര്‍ തയാറാക്കണം. കേന്ദ്രം അനുവദിച്ച പല പദ്ധതികളും പേരുമാറ്റി കേരളത്തില്‍ അവതരിപ്പിക്കുന്നു. ഇത്തരം നീക്കങ്ങള്‍ക്കെതിരേ ഗൃഹസമ്പര്‍ക്ക പരിപാടികളും പദയാത്രകളും സംഘടിപ്പിക്കും. ഇതിനു പുറമേ കേന്ദ്രത്തിന്റെ വിവിധങ്ങളായ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി യൂത്ത് കോണ്‍ക്ലേവ് അടക്കമുള്ള പരിപാടികളും സംഘടിപ്പിക്കും.
സഹകരണ ബാങ്കുകളില്‍ നിന്ന് കടമെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഈ മേഖലയെ തകര്‍ക്കും. ഈ നീക്കത്തോട് സഹകരണ പ്രസ്ഥാനങ്ങള്‍ സഹകരിക്കരുത്. കുടുംബശ്രീയെ സിപിഎമ്മിന്റെ ചട്ടുകമാക്കി മാറ്റുകയാണ്. ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ടീച്ചര്‍മാരെയും സിപിഎം ഉപകരണങ്ങളാക്കി മാറ്റുന്നു. ഇതിനെതിരേ സ്ത്രീശാക്തീകരണ സമ്മേളനം സംഘടിപ്പിക്കും.
മാര്‍ച്ചില്‍ സാമ്പത്തികവര്‍ഷം അവസാനിക്കാനിരിക്കെ എല്ലാ മേഖലകളിലും പ്രതിസന്ധിയാണ്. ഉന്നത വിദ്യാഭ്യാസമേഖലയിലും തകര്‍ച്ചയാണ്. സിപിഎം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അര്‍ഹതയില്ലാതെ ഡോക്ടറേറ്റ് ലഭിക്കുന്ന സാഹചര്യമാണ്. ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മുതല്‍ എല്ലാ മേഖലകളിലും അഴിമതിയാണെന്നും സുരേന്ദ്രന് പറഞ്ഞു.