മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി, സംഘര്‍ഷം; മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍
Sunday, February 5, 2023 12:51 AM IST
കൊച്ചി: കനത്ത സുരക്ഷയ്ക്കിടെ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
എറണാകുളം ഗസ്റ്റ് ഗൗസിലാണ് വന്‍ പ്രതിഷേധം ഉയര്‍ന്നത്. ബജറ്റിലെ നികുതി നിര്ദേശങ്ങള്ക്കെതിരേയായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റവും കൈയേറ്റവും ഉണ്ടായി.
സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, ജില്ലാ ഭാരവാഹികളായ ബേസില്‍ പാറക്കുടി, സോണി ജോര്‍ജ് എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രി ജില്ലയില്‍ നിന്നു പോയ ശേഷമാണ് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചത്. മുഖ്യമന്ത്രി ഇറങ്ങുന്നതിനു തൊട്ടുമുന്‍പായി എറണാകുളം ഗസ്റ്റ്ഹൗസില്‍ യൂത്ത് കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് നടത്തിയത്. ഈ സമയം ഗസ്റ്റ് ഹൗസിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
തുടര്‍ന്നു മുഖ്യമന്ത്രി പുറത്തേക്കിറങ്ങി വാഹനത്തില്‍ കയറിപ്പോകാന്‍ ആരംഭിച്ചപ്പോള്‍ കരിങ്കൊടി ഉയര്‍ത്തി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. സുരക്ഷയൊരുക്കിയ പോലീസുകാര്‍ ഇവരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ആലുവ ഗസ്റ്റ് ഹൗസിനു സമീപവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി ഉയര്‍ത്തിയിരുന്നു.