അന്താരാഷ്ട്ര നാടകോത്സവം: ഇന്നു തിരശീല ഉയരും
Sunday, February 5, 2023 12:51 AM IST
തൃശൂർ: ഇനിയുള്ള പത്തുരാപ്പകലുകൾ പൂരനഗരിയിൽ നാടകക്കാഴ്ചകളുടെ പൂരക്കാലം. 13-ാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക്കിന് ഇന്നു തുടക്കം കുറിക്കുന്പോൾ നാടകപ്രേമികളെ വിസ്മയത്തിലാഴ്ത്താൻ വിദേശങ്ങളിൽ നിന്നുള്ള നാടകങ്ങളും അരങ്ങിലെത്തും.
കേരള സംഗീത നാടക അക്കാദമി കേരള സാംസ്കാരിക വകുപ്പിനു വേണ്ടി നടത്തുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനവും നവീകരിച്ച ആക്ടർ മുരളി തിയറ്ററിന്റെ ഉദ്ഘാടനവും ഇന്നു വൈകീട്ട് പവലിയൻ തീയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.മന്ത്രി കെ. രാജൻ ഇറ്റ്ഫോക്കിന്റെ ബുള്ളറ്റിൻ സെക്കൻഡ് ബെൽ പ്രകാശനം ചെയ്യും. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ആദ്യ കോപ്പി ഏറ്റുവാങ്ങും. മന്ത്രി കെ. രാധാകൃഷ്ണൻ ഇറ്റ്ഫോക്ക് ടീഷർട്ട് പ്രകാശനം ചെയ്യും.
തൃശൂർ ജില്ലാ കളക്ടർ ഹരിത വി. കുമാർ ഏറ്റുവാങ്ങും. മന്ത്രി ഡോ. ആർ. ബിന്ദു ഫെസ്റ്റിവൽ ബാഗ് പ്രകാശനം ചെയ്യും. പി. ബാലചന്ദ്രൻ എംഎൽഎ ഏറ്റുവാങ്ങും. ടി.എൻ. പ്രതാപൻ എംപി ഇറ്റ്ഫോക്കിന്റെ ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യും.
തൃശൂർ മേയർ എം.കെ. വർഗീസ് പുസ്തകം ഏറ്റുവാങ്ങും. ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി നടൻ പ്രകാശ്രാജ് പങ്കെടുക്കും. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ആമുഖപ്രഭാഷണം നടത്തും.