ഈരാറ്റുപേട്ടയിൽ വിവാദം : എൻഐഎ അറസ്റ്റ് ചെയ്ത എസ്ഡിപിഐ കൗൺസിലർക്ക് യുഡിഎഫ് പിന്തുണ
Friday, February 3, 2023 5:12 AM IST
ഈരാറ്റുപേട്ട: പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത ഈരാറ്റുപേട്ട നഗരസഭയിലെ 11-ാം വാർഡ് കൗൺസിലർ ഇ.പി. അൻസാരിക്ക് അവധി അനുവദിക്കുന്ന വിഷയത്തിൽ യുഡിഎഫ് അനുകൂല നിലപാട് സ്വീകരിച്ചെന്ന് ആക്ഷേപം. കഴിഞ്ഞ ഒന്നിനു ചേർന്ന കൗൺസിൽ മീറ്റിംഗിലാണ് അൻസാരിക്ക് അനുകൂല നിലപാട് സ്വീകരിച്ചത്. നിലവിൽ എസ്ഡിപിഐ കൗൺസിലർ അൻസാരി ജയിലിലാണ്. മൂന്നു മാസം വരെയാണ് ഒരു കൗൺസിലർക്ക് ഔദ്യോഗികമായി അവധി എടുക്കാവുന്നത്.
അൻസാരിക്ക് ആറു മാസത്തേക്ക് അവധി അനുവദിക്കണമെന്നും സംരക്ഷണം നൽകണമെന്നും എസ്ഡിപിഐ കൗൺസിലർ നൗഫിയ ഇസ്മയിൽ വിഷയം ഉന്നയിക്കുകയായിരുന്നു. നൗഫിയ പറഞ്ഞതിനെ പിന്താങ്ങുന്നതായി മുസ്ലിം ലീഗിലെ മുതിർന്ന അംഗം പി.എം. അബ്ദുൽ ഖാദർ പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 14 മുതൽ ആറു മാസത്തെ അവധി അനുവദിക്കാമെന്നു കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുനിസിപ്പൽ വൈസ് ചെയർമാനുമായ മുഹമ്മദ് ഇല്യാസും നിലപാടറിയിച്ചു.
എന്നാൽ, കൗൺസിലിൽ സംസാരിച്ച ഇടത് അംഗം അനസ് പാറയിൽ, അവധി അനുവദിക്കുന്നതിനെ എതിർത്തു. നഗരസഭാ വാർഡിൽ കൗൺസിലറെ ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് അംഗങ്ങൾഅവധിയോടു വിയോജിക്കുന്നതായും അനസ് പറഞ്ഞു. 27 കൗൺസിൽ അംഗങ്ങളിൽ ഒൻപത് എൽഡിഎഫ് കൗൺസിൽ അംഗങ്ങൾ വിയോജനം രേഖപ്പെടുത്തി. 12 യുഡിഫ് വോട്ടുകളുടെയും 4 എസ്ഡിപിഐ വോട്ടുകളുടെയും ഭൂരിപക്ഷത്തോടെ കൗൺസിലർക്കു മുൻകാല പ്രാബല്യത്തോടെ അവധി അനുവദിച്ചു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സോഷ്യൽ മീഡിയയിലും മറ്റും രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.