കണക്കുകൾകൊണ്ടുള്ള കൗശലം
Thursday, February 2, 2023 1:05 AM IST
തിരുവനന്തപുരം: കണക്കുകൾ കൊണ്ടുള്ള കൗശലമാണ് കേന്ദ്ര ബജറ്റിലുള്ളതെന്നും ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ് കേന്ദ്ര സർക്കാർ ബജറ്റിലൂടെ ചെയ്തതെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ലെന്ന മോദി സർക്കാരിന്റെ മുഖമുദ്രയാണ് ഈ ബജറ്റിലുമുള്ളത്.
2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം തൊഴിലുറപ്പ് പദ്ധതിക്ക് 89400 കോടിയാണ് വകയിരുത്തിയിരുന്നത്. ഇന്നലെ ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ 2023-24 വർഷത്തേക്ക് അറുപതിനായിരം കോടി മാത്രമെ വകയിരുത്തിയിട്ടുള്ളൂ.
29,400 കോടിയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇന്ത്യൻ ഗ്രാമങ്ങളിലെ പട്ടിണി അകറ്റിയ യുപിഎ സർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ ആരാച്ചാരായി മാറുകയാണ് മോദി സർക്കാർ. കോവിഡ് മഹാമാരിയിൽ ജീവിതമാർഗം അടഞ്ഞവരെ ബജറ്റ് പരിഗണിച്ചിട്ടില്ല.
ചെറുകിടക്കാർ, തൊഴിലാളികൾ, സ്വയംതൊഴിൽ ചെയ്യുന്നവർ, കർഷകർ തുടങ്ങിയ വിഭാഗത്തിൽപ്പെട്ടവർ കടുത്ത പ്രതിസന്ധിയിലാണ്.കേരളത്തിനു ബജറ്റ് വൻനിരാശയാണ് നൽകിയതെന്നും സതീശൻ പ്രതികരിച്ചു.