ട്രെയിൻ കയറാൻ ബോംബ് ഭീഷണി: വിദ്യാർഥി പിടിയിൽ
Tuesday, January 31, 2023 12:46 AM IST
കണ്ണൂർ: വ്യാജ ബോംബ് ഭീഷണി മുഴക്കി ട്രെയിനുകൾ വൈകി ഓടിപ്പിച്ച് കയറിപ്പറ്റാൻ ശ്രമിച്ച വിദ്യാർഥി പിടിയിൽ. പശ്ചിമബംഗാളിലെ നാദിയ സ്വദേശി സൗമിത്ര മണ്ഡലിനെ (19) യാണ് ആർപിഎഫ് ചെന്നൈയിൽനിന്നു പിടികൂടിയത്. കണ്ണൂരിലുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു പ്രതി.
കഴിഞ്ഞ ദിവസം പുലർച്ചെ കണ്ണൂരിൽനിന്നു ചെന്നൈയിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിനിലെ എസ് 9 കോച്ചിൽ ടിക്കറ്റ് റിസർവ് ചെയ്ത വിദ്യാർഥി ട്രെയിനിൽ കയറാൻ സാധിക്കാതിരുന്നതോടെയാണു വ്യാജ ബോംബ് ഭീഷണിയുമായി എത്തിയത്.
തുടർന്ന് തൊട്ടുപിന്നാലെ വന്ന കൊച്ചുവേളി-ഛത്തീസ്ഗഡ് ട്രെയിനിൽ കയറിയ പ്രതി ബോംബ് ഭീഷണിയെത്തുടർന്ന് ട്രെയിനുകൾ വൈകി ഓടിയതിനെത്തുടർന്ന് ഷൊർണൂരിൽ വച്ച് വെസ്റ്റ് കോസ്റ്റിൽ കയറുകയായിരുന്നു. വൈകി എത്തിയതോടെ ട്രെയിനിൽ കയറിപ്പറ്റാനായി റെയിൽവേ കൺട്രോൾ റൂമിൽ വിളിച്ച് ട്രെയിനിൽ ബോംബ് വച്ചതായി പ്രതി പറയുകയായിരുന്നു. തുടർന്ന് എല്ലാ സ്റ്റേഷനുകളിലും ട്രെയിൻ നിർത്തിയിട്ടു പരിശോധന നടത്തി.
സിസിടിവി ദൃശ്യങ്ങളും ഫോൺകോളുകളും പരിശോധിച്ചപ്പോൾ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് കണ്ണൂർ ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതി പിടിയിലാകുന്നത്.