പതിനഞ്ചുകാരിയെ ഗർഭിണിയാക്കിയ പിതാവിനു മരണം വരെ കഠിന തടവ്
Tuesday, January 31, 2023 12:46 AM IST
മഞ്ചേരി: പതിനഞ്ചുകാരിയായ മകളെ ഗർഭിണിയാക്കിയ പിതാവിനെ മഞ്ചേരി പോക്സോ അതിവേഗ കോടതി ജീവിതാന്ത്യം വരെ തടവിനും 6,60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
നാൽപത്തിയെട്ടുകാരനെയാണ് ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്. 2021 മാർച്ച് മാസത്തിലാണ് സംഭവം. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്നറിഞ്ഞത്.
പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിനു ഒരു വർഷം വെറും തടവും പതിനായിരം രൂപ പിഴയും പിഴയടക്കാത്ത പക്ഷം രണ്ടാഴ്ചത്തെ തടവ് എന്നിങ്ങനെ വേറെയും ശിക്ഷയുണ്ട്.
ശിക്ഷ ഒരുമിച്ചനുഭവിച്ചനുഭവിച്ചാൽ മതി. എന്നാൽ ജീവപര്യന്തം എന്നതു മരണം വരെ കഠിന തടവെന്നു കോടതി പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്. പ്രതി പിഴയടക്കുന്ന പക്ഷം അതിജീവിതയ്ക്കു നൽകണമെന്നും കോടതി നിർദേശിച്ചു.
വിനയായത് കോവിഡ്; തെളിവായത് ഡിഎൻഎ
മഞ്ചേരി: പിതാവിനാൽ പീഡിപ്പിക്കപ്പെട്ട് പതിനഞ്ചുകാരി ഗർഭിണിയായ കേസിൽ നിർണായക തെളിവായത് ഡിഎൻഎ പരിശോധന ഫലം.
കുട്ടി ഗർഭിണിയാണെന്നറിഞ്ഞതോടെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഡോക്ടർമാർ പ്രത്യേക യോഗം ചേരുകയും കുട്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസിക്കു തീരുമാനമെടുക്കുകയും അബോർഷൻ ചെയ്യുകയുമായിരുന്നു. ഇതിലൂടെ ലഭിച്ച ഭ്രൂണം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെയാണു പിതാവുതന്നെയാണു ഗർഭത്തിനുത്തരവാദിയെന്നു കണ്ടെത്തിയത്.
രാജ്യത്ത് ലോക്ഡൗണ് പ്രഖ്യാപിച്ചതോടെ സ്കൂളുകൾ അടച്ചപ്പോൾ അമ്മ വീട്ടിലില്ലാതിരുന്ന ദിവസം വീട്ടിൽ തനിച്ചായ കുട്ടിയെ പിതാവായ പ്രതി ബലമായി കിടപ്പുമുറിയിലേക്കു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഇതു തെറ്റാണെന്നു പറഞ്ഞ കുട്ടിയോടു ഇങ്ങനെയാണ് എല്ലാ പിതാക്കന്മാരും തങ്ങളുടെ കുട്ടികളെ ലാളിക്കുന്നതെന്നും ധരിപ്പിച്ചു. മാത്രമല്ല, ഇക്കാര്യം അമ്മയോടോ മറ്റോ പറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ വീണ്ടും ഏഴു മാസത്തോളം പീഡിപ്പിച്ചത്.