സർവകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയയ്ക്കാനുള്ള നീക്കം തുടങ്ങി
Saturday, January 28, 2023 1:59 AM IST
തിരുവനന്തപുരം: സർവകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നതിനുള്ള ഫയൽ നീക്കം രാജ്ഭവനിൽ തുടങ്ങി. കണ്‍കറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട സർവകലാശാലാ ഭേദഗതി ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുമെന്ന് ഇന്നലെയും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ആവർത്തിച്ചിരുന്നു.
ഉന്നത വിദ്യാഭ്യാസവും യുജിസിയും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പരിധിയിലുള്ള വിഷയമായതിനാൽ സംസ്ഥാനത്തിന്റെ നിയമനിർമാണം നിലവിലുള്ള കേന്ദ്ര നിയമങ്ങളെ ദോഷകരമായി ബാധിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താൻ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന നിയമോപദേശം അടക്കമുള്ള റിപ്പോർട്ടുകളും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുന്ന ഫയലിൽ ഉൾപ്പെടുത്തും.
ഇന്നലെ രാവിലെ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടന്ന ഔദ്യോഗിക ഭാഷയുമായി ബന്ധപ്പെട്ട പരിപാടിയിൽ ഗവർണർ പങ്കെടുത്തിരുന്നു. തുടർന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ സർവകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുമെന്നു ഗവർണർ ആവർത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കവേ അദ്ദേഹം നിലപാടു വ്യക്തമാക്കിയിരുന്നു. കണ്‍കറന്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത വിഷയമാണെങ്കിൽ താൻ ഒപ്പിടുമായിരുന്നുവെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.
വർഷങ്ങൾക്കു മുൻപു രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച പ്ലാച്ചിമട ബില്ലിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല. സർവകലാശാല ചാൻസലർ എന്ന നിലയിലുള്ള ഗവർണറുടെ അധികാരം കവരുന്ന രണ്ടു ബില്ലുകളാണു നിയമസഭ പാസാക്കിയത്.
എന്നാൽ, നേരത്തെ നിയമസഭ പാസാക്കിയ ലോകായുക്ത ഭേദഗതി ബില്ലുകൾ അടക്കം ഗവർണറുടെ പരിഗണനയിലാണ്. ഇവ ഇതുവരെ ഒപ്പിട്ടിട്ടില്ല.