ക്രിമിനൽമുക്ത രാഷ്ട്രീയം: നിയമതത്വങ്ങളെ നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി
Thursday, January 26, 2023 12:44 AM IST
കൊച്ചി: രാഷ്ട്രീയത്തെ ക്രിമിനലുകളില്നിന്നു മുക്തമാക്കുകയെന്നത് ജനാധിപത്യത്തില്‍ അനിവാര്യമാണെങ്കിലും നിയമവാഴ്ചയുടെ തത്വങ്ങളെ ഇതിന്റെ പേരില്‍ നിഷേധിക്കാനാവില്ലെന്ന് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് വ്യക്തമാക്കി.
ക്രിമിനില്‍ കേസുകളില്‍ ജനപ്രതിനിധികള്‍ ശിക്ഷിക്കപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അവര്‍ അയോഗ്യരാക്കപ്പെടുമെങ്കിലും ഇവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ നടപടി അപ്പീല്‍ കോടതി സസ്പെന്‍ഡ് ചെയ്താല്‍ അയോഗ്യത നിലനില്‍ക്കില്ലെന്നും ഹൈക്കോടതി.
ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിന്റെ അപ്പീലില്‍ സുപ്രീം കോടതിയുടെ വിവിധ വിധികള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഇതു വ്യക്തമാക്കിയത്.
വധശ്രമക്കേസില്‍ ശിക്ഷക്കപ്പെട്ടതോടെ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ജനുവരി 13ന് തെരഞ്ഞെടുപ്പു കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പിന്നീട് ലക്ഷദ്വീപില്‍ ഫെബ്രുവരി 27ന് ഉപതെരഞ്ഞെടുപ്പു നടത്താന്‍ വിജ്ഞാപനമിറക്കി.
ഈ കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷ വിധിച്ച വിചാരണക്കോടതിയുടെ നടപടി സസ്പെന്‍ഡ് ചെയ്തില്ലെങ്കില്‍ മുഹമ്മദ് ഫൈസലിന് ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അയോഗ്യത വരുമെന്ന് ഹൈക്കോടതി വിലയിരുത്തി.