യുഡിഐഡി കാർഡ് ആധികാരിക രേഖ
Friday, December 9, 2022 12:24 AM IST
തിരുവനന്തപുരം: ഭിന്നശേഷി സംബന്ധിച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നതു ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ആധികാരിക രേഖയായി 2021 ജൂൺ മുതൽ യുഡിഐഡി കാർഡ് (Unique Disability Identity Card) പ്രാബല്യത്തിൽ വരുത്തി കേന്ദ്ര സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
എന്നാൽ അതു കണക്കിലെടുക്കാതെ കേരളത്തിൽ ചില സർക്കാർ വകുപ്പുകളും പൊതു മേഖല സ്ഥാപനങ്ങളും ഭിന്നശേഷിക്കാരെ സംബന്ധിക്കുന്ന ഇത്തരം കാര്യങ്ങളിൽ യുഡിഐഡി കാർഡ് അംഗീകരിക്കുന്നില്ല എന്ന വ്യാപക പരാതി ഉയർന്നിരുന്നു.
സംഭവം സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ ഇത് സംബന്ധിച്ച് വ്യക്തത വരുത്തി അടിയന്തരമായി സംസ്ഥാന സർക്കാർ ഉത്തരവു പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ സാമൂഹ്യ നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.