മൈക്രോ മൈനോരിറ്റിക്ക് ഭരണഘടനാ നിര്വചനമുണ്ടാകണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Friday, December 9, 2022 12:24 AM IST
കൊച്ചി: ഇന്ത്യയിലെ ആറു മതന്യൂനപക്ഷ വിഭാഗങ്ങളില്‍ അഞ്ചുവിഭാഗങ്ങളിലും 2.5 ശതമാനത്തില്‍ താഴെ വീതം ജനസംഖ്യമാത്രമാണുള്ളതെന്നും അതിനാല്‍ ഇവരെ മൈക്രോ മൈനോരിറ്റി വിഭാഗമായി പരിഗണിക്കാന്‍ മൈക്രോ മൈനോരിറ്റി നിര്‍വചനവും ഇതിനായി ഭരണഘടനാ ഭേദഗതിയുമുണ്ടാകണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.
പിഒസിയിൽ നടന്ന ലെയ്റ്റി കൗണ്‍സിലില്‍ യോഗത്തിൽ ചെയര്മാന് ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ അംഗം ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, കെസിബിസി സെക്രട്ടറി ജനറൽ ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവര്‍ പ്രസംഗിച്ചു.
സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി.സെബാസ്റ്റ്യന്‍ ദേശീയ പ്രവര്‍ത്തന പരിപാടികള്‍ വിശദീകരിച്ചു. സീറോ മലബാര്‍ സഭ ലെയ്റ്റി ഫാമിലി ലൈഫ് കമ്മീഷന് സെക്രട്ടറി ഫാ.ജോബി മൂലയില്‍, കെആർഎൽസിസി ലെയ്റ്റി കമ്മീഷന് സെക്രട്ടറി ഫാ. ഷാജികുമാര്‍, മലങ്കര കാത്തലിക് അസോസിയേഷന് ജനറല്‍ സെക്രട്ടറി വി.സി.ജോര്‍ജുകുട്ടി, കെസിബിസി ലെയ്റ്റി കമ്മീഷന് സെക്രട്ടറി ഡോ.കെ.എം.ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.