വിദേശവനിതയെ കൊലപ്പെടുത്തിയ കേസ്; രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം
Wednesday, December 7, 2022 12:27 AM IST
തിരുവനന്തപുരം: ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ലാത്വിയൻ സ്വദേശിനി യെ ബലാത്സംഗം ചെയ്തതിനു ശേഷം കോവളത്തു കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 3,42,000 രൂപ പിഴയും.
വെള്ളാർ പനത്തുറ സ്വദേശികളായ ഉമേഷ് (28), ഉദയകുമാർ (24) എന്നിവരെയാണു ശിക്ഷിച്ചത്. ഇവരിൽനിന്ന് ഈടാക്കുന്ന തുകയിൽ രണ്ടു ലക്ഷം രൂപ യുവതിയുടെ സഹോദരിക്കു നൽകണം. കൂടാതെ, സർക്കാർ 10 ലക്ഷം രൂപയിൽ കുറയാത്ത തുകയും യുവതിയുടെ സഹോദരിക്കു നൽകണം. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സനിൽകുമാറാണു ശിക്ഷ വിധിച്ചത്.
2018 മാർച്ച് 14 നാണു സംഭവം. ആയുർവേദ ചികിത്സയ്ക്കായി പോത്തൻകോട്ടെ ചികിത്സാകേന്ദ്രത്തിൽ ഭർത്താവിനും സഹോദരിക്കുമൊപ്പമെത്തിയ നാൽപ്പതുവയസുള്ള ലാത്വിയൻ വനിതയെ മാർച്ച് 14 നു കാണാതാകുകയായിരുന്നു.
പോലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല. ഒരു മാസത്തിനു ശേഷം കോവളത്തിനു സമീപം കുറ്റിക്കാട്ടിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡിഎൻഎ പരിശോധനയിലൂടെയാണു മൃതദേഹം ലാത്വിയൻ യുവതിയുടേതുതന്നെയെന്നു തിരിച്ചറിഞ്ഞത്. വിഷാദരോഗത്തിന് അടിമയായിരുന്നു ഇവർ.
കോവളത്തുനിന്നു പ്രതികൾ ഇരുവരും ചേർന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നൽകി പീഡിപ്പിക്കുകയും തുടർന്നു കൊലപ്പെടുത്തുകയും ചെയ്തു എന്നാണു പ്രോസിക്യൂഷൻ കേസ്. പ്രതികൾ രണ്ടു പേരും നേരത്തെ നിരവധി കേസുകളിൽ പ്രതികളാണ്.
ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിനുതൊട്ടുമുന്പ് പ്രതികൾ കോടതിയിൽ ദേഷ്യപ്പെട്ടു ബഹളംവച്ചു. തങ്ങൾ നിരപരാധികളാണെന്നും നുണപരിശോധനയ് ക്കു വിധേയരാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.