കേന്ദ്രാനുമതി ലഭിച്ചാൽ സിൽവർലൈൻ നടപ്പാക്കും: മന്ത്രി
Wednesday, December 7, 2022 12:27 AM IST
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാൽ സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു.
ഇക്കാര്യത്തിൽ സാന്പത്തിക ബുദ്ധിമുട്ടിന്റെ പ്രശ്നമില്ല. സംസ്ഥാനത്തിന്റെ ഭാവിയും പൊതുതാത്പര്യവുമാണ് ഇക്കാര്യത്തിൽ കണക്കിലെടുക്കുന്നത്. മാത്രമല്ല, ഇതു സംസ്ഥാനത്തിന്റെ സാന്പത്തിക അഭിവൃദ്ധിക്കും കാരണമാകും.
ഇന്ത്യയിലെ പല സ്ഥലങ്ങളിലും വന്ദേഭാരത് ട്രെയിൻ ഓടിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുന്നുണ്ട്. എന്നാൽ, കേരളത്തിന്റെ കാര്യത്തിൽ കേന്ദ്രം ഈ അനുകൂല സമീപനം സ്വീകരിക്കുന്നില്ലെന്നും മന്ത്രി നിയമസഭയിൽ മാത്യു കുഴൽനാടന്റെ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
മുൻപെങ്ങും അഭിമുഖീകരിച്ചിട്ടില്ലാത്ത സാന്പത്തിക പ്രതിസന്ധിയാണ് നിലവിൽ കേരളം അഭിമുഖീകരിക്കുന്നതെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു.
പ്രതിസന്ധിക്ക് ആധാരമായ ഘടകങ്ങൾ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിനു പുറത്തുള്ളതാണ്. പ്രകൃതി ദുരന്തങ്ങളും കോവിഡ് മഹാമാരിയും കേന്ദ്രസർക്കാരിന്റെ വികലമായ നയങ്ങളും ചരക്കുസേവന നികുതി നടപ്പാക്കിയതും സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതുമാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്.
കേന്ദ്രത്തിന്റെ സാന്പത്തിക നയങ്ങളാണു കേരളത്തെ ശ്വാസം മുട്ടിക്കുന്നത്. ഇതിനെ മറികടക്കാനുള്ള വ്യക്തമായ റോഡ് മാപ്പ് തയാറാക്കിയാണ് സംസ്ഥാനം മുന്നോട്ടു പോകുന്നതെന്നും സനീഷ് കുമാർ ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി.ജെ. വിനോദ്, എം. വിൻസന്റ് തുടങ്ങിയവരുടെ ചോദ്യങ്ങൾക്കു മറുപടിയായി മന്ത്രി അറിയിച്ചു.