വിഴിഞ്ഞം തുറമുഖം സമവായത്തിലൂടെ യാഥാർഥ്യമാക്കണം: അഡ്വ. ബിജു പറയന്നിലം
Tuesday, December 6, 2022 11:53 PM IST
കൊച്ചി: വിഴിഞ്ഞം തുറമുഖം സമവായത്തിലൂടെയാണു യാഥാർഥ്യമാക്കേണ്ടതെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടു ചേർന്ന കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതിയിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തീരദേശവാസികളുടെ ആശങ്ക പരിഹരിച്ചു തുറമുഖ പദ്ധതിയുമായി മുന്നോട്ടു പോകാനാണു സർക്കാരുകൾ തയാറാകേണ്ടത്. പ്രതിസന്ധിയിലായ തീരദേശകുടുംബങ്ങളുടെ ആശങ്കയാണു സമരസമിതി ഉയർത്തുന്നത്. അതിനെ ഒരു വിഭാഗത്തിന്റെ മാത്രം ആവശ്യമാക്കി ചിത്രീകരിക്കുന്നതും ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതും ശരിയല്ല.
ജനകീയസമരങ്ങളോടും അവർ ഉയർത്തുന്ന ആവശ്യങ്ങളോടും ഉത്തരവാദിത്വപ്പെട്ടവർ അനുഭാവപൂർണമായ നിലപാടെടുക്കാൻ സർക്കാരുകളും തുറമുഖത്തോടു ക്രിയാത്മക നിലപാടിനു സമരസമിതിയും തയാറായി ഉടൻ പ്രതിസന്ധി അവസാനിപ്പിക്കണം.
ഒരു സമുദായത്തെ ഒറ്റപ്പെടുത്തി സമരത്തെയും ആവശ്യങ്ങളെയും അടിച്ചമർത്താനുള്ള ശ്രമങ്ങൾ ആർക്കും ഭൂഷണമല്ല. വിഴിഞ്ഞം വിഷയത്തിൽ തീരദേശവാസികൾക്കൊപ്പം കത്തോലിക്കാ കോൺഗ്രസ് നിലകൊള്ളുമെന്നും അഡ്വ. ബിജു പറയന്നിലം വ്യക്തമാക്കി.