വിഴിഞ്ഞത്ത് സംഘർഷം; പോലീസ് സ്റ്റേഷൻ തകർത്തു, പോലീസുകാർക്ക് പരിക്ക്
സ്വന്തം ലേഖകൻ
Monday, November 28, 2022 2:16 AM IST
വിഴിഞ്ഞം: വിഴിഞ്ഞത്ത് വീണ്ടും വൻ സംഘർഷം. വിഴിഞ്ഞം തുറമുഖസമരത്തിന്റെ പേരിൽ മത്സ്യത്തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തതാണ് പ്രകോപനത്തിനു കാരണം. പോലീസുകാരടക്കം നിരവധിപ്പേർക്കു പരിക്കേറ്റു. ലാത്തിച്ചാർജും കണ്ണീർ വാതകപ്രയോഗവും നടത്തി. പ്രതിഷേധക്കാർ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ അടിച്ചു തകർത്തു.
ശനിയാഴ്ചയുണ്ടായ സംഘർഷത്തിന്റെ പേരിൽ ഇന്നലെ വൈകുന്നേരം പോലീസ് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന്, അറസ്റ്റ് ചെയ്ത യുവാവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടും തുറമുഖ സമരത്തിൽ പങ്കെടുക്കാത്ത നിരപരാധികളെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ചും മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം പോലീസ് സ്റ്റേഷൻ വളഞ്ഞു.
തുടർന്നുണ്ടായ സംഘർഷത്തിൽ അസിസ്റ്റന്റ് കമ്മിഷണർ, സിഐ എന്നിവരുൾപ്പെടെ നിരവധി പോലീസുകാർക്കും വഴിയാത്രക്കാർക്കും മാധ്യമപ്രവർത്തകനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റു സ്റ്റേഷനുള്ളിൽ കുടുങ്ങിയ ആറ് പോലീസുകാരെ രാത്രി ഒമ്പതരയോടെയാണ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായത്.
നാല് പോലീസ് ജീപ്പുകളും രണ്ട് ബസും ഇരുപത് ബൈക്കുകളും രണ്ട് കാറുകളും ടിയർ ഗ്യാസ് പ്രയോഗിക്കുന്ന വജ്ര വാഹനവും പ്രതിഷേധക്കാർ തകർത്തു. സ്റ്റേഷൻ കെട്ടിടത്തിനും വലിയ നാശനഷ്ടമുണ്ടായി. എസിയും ഫർണിച്ചറുകളും തകർത്തു.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഷാജി, വിഴിഞ്ഞം സിഐ പ്രജീഷ് ശശി, പോലീസുകാരായ വൈശാഖ്, ശരത്ത്, ശ്യാം, സുബിൻ, ഷാബിൻ, അമ്പാടി, എന്നിവർക്കാണു പരിക്കേറ്റത്.
ഒടുവിൽ രാത്രി ഒമ്പതോടെ സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാറിന്റെ നേതൃത്വ ത്തിൽ കൂടുതൽ പോലീസെത്തി ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തിയാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചത്.
രാത്രി വൈകിയും സംഘർഷത്തിന് അയവ് വന്നിട്ടില്ല. ജില്ലാ കളക്ടർ ജെറോമിക് ജോർജ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. രാത്രി വൈകി തിരുവനന്തപുരം ലത്തീൻ അതിരൂപതാ വികാരി ജനറാൾ മോണ്. യൂജിൻ പെരേരയുമായി ജില്ലാ കളക്ടർ ചർച്ച നടത്തി.