തുറമുഖത്തേക്ക് കരിങ്കല്ലുമായി എത്തിയ ലോറികൾ തടഞ്ഞു; വിഴിഞ്ഞത്ത് സംഘർഷം
Sunday, November 27, 2022 12:21 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അതിജീവന സമരപ്പന്തൽ പൊളിച്ച് തുറമുഖത്തേക്ക് ലോറികളിൽ കരിങ്കല്ല് കൊണ്ടുപോകാനുള്ള ശ്രമം മത്സ്യത്തൊഴിലാളികൾ തടഞ്ഞു. ഇതിനെതിരേ സംഘടിച്ചെത്തിയ ജനകീയ സമിതി പ്രവർത്തകരും മത്സ്യത്തൊഴിലാളികളെ അനുകൂലിച്ച് എത്തിയ സമരസമിതി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഇതോടെ വിഴിഞ്ഞം മുല്ലൂർ സംഘർഷമേഖലയായി മാറി. ഇരുവിഭാഗങ്ങളും തമ്മിൽ കൈയാങ്കളിയും കല്ലേറും ഒടുവിൽ വീടുകയറിയുള്ള ആക്രമണവും ഉണ്ടായി. പോലീസുകാരുൾപ്പെടെ ഉൾപ്പെടെ നിരവധിപേർക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുറമുഖ പുലിമുട്ട് നിർമാണത്തിന് കല്ലുമായി ഇരുപത്തഞ്ച് ടിപ്പർ ലോറികൾ തുറമുഖ കവാടത്തിലെത്തിയിരുന്നു.
സമരപ്പന്തലിനുസമീപം ലോറികൾ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. വിവരമറിഞ്ഞ് അതിജീവന സമരപ്പന്തലിൽ കൂടുതൽ മത്സ്യത്തൊഴിലാളികൾ എത്തി പ്രതിരോധം ശക്തമാക്കി.
ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള ജനകീയ സമിതി പ്രവർത്തകരും സംഘടിച്ചെത്തിയതോടെ സ്ഥലം സംഘർഷത്തിന്റെ വക്കിലായി. ഇരു വിഭാഗങ്ങൾ തമ്മിലുള്ള പോർവിളിയും വാക്കുതർക്കവും കല്ലേറിൽ കലാശിച്ചു.