അച്ഛന് കരള്‍ നല്കാന് മകള്‍; മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ക്കു വിട്ട് ഹൈക്കോടതി
Sunday, November 27, 2022 12:21 AM IST
കൊച്ചി: കരള്‍രോഗത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള അച്ഛനു കരള്‍ പകുത്തു നല്കാന് പ്രത്യേകാനുമതി തേടി പ്രായപൂര്‍ത്തിയാകാത്ത മകള്‍ നല്കിയ ഹര്‍ജിയില്‍, ഹര്‍ജിക്കാരിയോടു മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറെ കാണാൻ ഹൈക്കോടതി നിർദേശം.
മൂന്നു ദിവസത്തിനുള്ളില്‍ ഡയറക്ടര്‍ ഇതു സംബന്ധിച്ചു തീരുമാനമെടുക്കാനും നിർദേശിച്ചിട്ടുണ്ട്. തൃശൂര്‍ കോലഴി സ്വദേശി പി.പി. ദേവനന്ദ (17) നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് വി.ജി. അരുണ്‍ ആണ് ഇടക്കാല ഉത്തരവു നല്‍കിയത്.
എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവ് പി.ജി. പ്രതീഷിനുവേണ്ടിയാണു മകള്‍ ഹര്‍ജി നല്‍കിയത്. കരള്‍ പകുത്തു നല്കാന് ഹര്‍ജിക്കാരി സമ്മതം അറിയിച്ചെങ്കിലും 1994 ലെ അവയവമാറ്റ നിയമപ്രകാരം പ്രായപൂര്‍ത്തിയാകാതെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനു കര്‍ശന വിലക്കുണ്ട്.
ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്. പിതാവിന്റെ സ്ഥിതി അനുദിനം വഷളാകുന്നതിനാല്‍ വേഗം ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നും ഹര്‍ജിക്കാരി വാദിച്ചു. അതേസമയം ഒഴിവാക്കാന്‍ കഴിയാത്ത ചില മെഡിക്കല്‍ സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട അഥോറിറ്റിയുടെയും സര്‍ക്കാരിന്റെയും മുന്‍കൂര്‍ അനുമതിയോടെ അവയവമാറ്റം നടത്താമെന്ന് ചട്ടത്തില്‍ പറയുന്നുണ്ട്.
ഇതിനുള്ള അഥോറിറ്റിയായി സര്‍ക്കാര്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറെയാണ് നിയോഗിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ അഭിഭാഷകന് വിശദീകരിച്ചു. തുടര്‍ന്നാണ് ഹര്‍ജിക്കാരി അമ്മയ്ക്കോ മറ്റേതെങ്കിലും കുടുംബാംഗത്തിനോ ഒപ്പം മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ മുമ്പാകെ ഹാജരാകാനും തുടര്‍ന്നുള്ള മൂന്നു ദിവസത്തിനകം ഡയറക്ടര്‍ തീരുമാനമെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടത്. ഹര്‍ജി നവംബര്‍ 30നു വീണ്ടും പരിഗണിക്കും.