സതീശനു മറുപടിയുമായി തരൂരും രാഘവനും; തുന്നിച്ചേർക്കാനുള്ള സൂചിയും നൂലും ഞാൻ നൽകാം: തരൂർ
Thursday, November 24, 2022 1:50 AM IST
തലശേരി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഊതിവീർപ്പിച്ച ബലൂൺ പ്രയോഗത്തിനു മറുപടിയുമായി എംപിമാരായ ഡോ.ശശി തരൂരും എം.കെ. രാഘവനും.
ഇന്നലെ രാവിലെ തലശേരി അതിരൂപത ആസ്ഥാനത്ത് ആർച്ച്ബിഷപ് മാർ ജോസ ഫ് പാംപ്ലാനിയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണ് സതീശന്റെ പരാമർശത്തിനു ശശി തരൂർ മറുപടി പറഞ്ഞത്. തുന്നിച്ചേർക്കാനുള്ള സൂചിയും നൂലും താൻ നൽകാമെന്നായിരുന്നു മറുപടി.
എനിക്ക് ആരോടും എതിർപ്പില്ല, ആരെയും ഭയവുമില്ല. ഞാനുൾപ്പെടെ രണ്ട് എംപിമാർ പൊതുവേദികളിൽ പങ്കെടുക്കുന്നതിൽ എന്താണു പ്രശ്നം? ഇതിൽ എന്താണ് വിഭാഗീയത എന്ന് എനിക്കറിയില്ല. ഇതിനെ എന്തിനാണ് ചിലർ ഭയക്കുന്നത്- അദ്ദേഹം പറഞ്ഞു.
വിഭാഗീയത ആരോപിക്കുന്നവർ എന്താണ് വിഭാഗീയത എന്ന് വ്യക്തമാക്കണം. കോൺഗ്രസിനെ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പര്യടനം. അഖിലേന്ത്യാ പ്രസിഡന്റ് തെരഞ്ഞെടുപ്പുൾപ്പെടെയുള്ള വേളയിൽ എം.കെ. രാഘവൻ എംപിയുൾപ്പെടെയുള്ളവരുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്.
മലബാർ മേഖലയിൽനിന്നു പല പരിപാടികളിലും പങ്കെടുക്കാൻ ക്ഷണിക്കാറുണ്ട്. എന്നാൽ, പലപ്പോഴും പങ്കെടുക്കാൻ കഴിയാറില്ല. ഇതിനൊരു പരിഹാരംകൂടിയായാണു മലബാർ പര്യടനം നടത്തുന്നത്. -ശശി തരൂർ കൂട്ടിച്ചേർത്തു.