സംസ്ഥാനത്ത് ജൂണിയർ ഹെൽത്ത് നഴ്സുമാരുടെ ഒഴിവുകൾ 1000, റിപ്പോർട്ട് ചെയ്തത് 668
Friday, October 7, 2022 12:50 AM IST
കണ്ണൂര്: സംസ്ഥാനത്ത് ആയിരത്തിലധികം ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ ഒഴിവുകളുണ്ടായിട്ടും പിഎസ്സിക്കു റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ആക്ഷേപം. പിഎസ്സി പരീക്ഷയെഴുതി നിരവധി ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരാണു നിയമനത്തിനായി കാത്തിരിക്കുന്നത്. 1267 ഒഴിവുകൾ നിലവിൽ ഈ മേഖലയിൽ ഉണ്ടെങ്കിലും ആളുകളെ നിയമിക്കാൻ തയാറാകുന്നില്ല. 668 ഒഴിവുകൾ മാത്രമാണു പിഎസ്സിക്കു റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പല ജില്ലകളിലും നൂറിലധികം ഒഴിവുകളുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം 165 ഒഴിവുകളാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ പിഎസ്സിക്ക് 53 ഒഴിവുകൾ മാത്രമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാലക്കാട് 141, കോഴിക്കോട് 108 എന്നിവയാണ് ഏറ്റവും കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്ത മറ്റു ജില്ലകൾ.
ഇതിൽ പാലക്കാട് 54 ഒഴിവുകളും കോഴിക്കോട് 36 ഒഴിവുകളും മാത്രമേ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. കോവിഡ് പ്രതിരോധത്തിലടക്കം രാപകലില്ലാതെ കഷ്ടപ്പെടുന്നവരാണു ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ.
നിലവിൽ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിൽ മാത്രമാണ് പിഎസ്സി വഴി ഇവർക്കു ജോലി ചെയ്യാനാകൂ. എന്നാൽ ഈ തസ്തികകളിലേക്ക് ജനറൽ നഴ്സുമാരെ കയറ്റാൻ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.