പോപ്പുലർ ഫ്രണ്ടിനു സഹായം: പോലീസുകാരന് സസ്പെൻഷൻ
Thursday, October 6, 2022 1:40 AM IST
കാലടി: പോപ്പുലർ ഫ്രണ്ടിനു സഹായം ചെയ്ത കാലടി പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. വല്ലം സ്വദേശിയും കാലടി സ്റ്റേഷനിലെ സീനിയർ സിപിഒയുമായ സി.എ. സിയാദിനെയാണ് സസ്പെൻഡ് ചെയ്തത്.
പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ കെഎസ്ആർടിസി ബസുകൾ തകർത്തതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 24ന് പെരുന്പാവൂർ പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. കേസിൽ കസ്റ്റഡിയിലെടുത്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അനുകൂലമായി ജിഡി ചാർജിലുണ്ടായിരുന്നവരെയും മറ്റു പോലീസ് ഉദ്യോഗസ്ഥരെയും ഫോണ് മുഖാന്തരം ബന്ധപ്പെട്ടതായും കേസിന്റെയും അറസ്റ്റിന്റെയും വിശദവിവരങ്ങളെക്കുറിച്ചും ജാമ്യം ലഭിക്കാനുള്ള സാധ്യതകളെക്കുറിച്ചും ഇയാൾ അന്വേഷിച്ചതായും കണ്ടെത്തിയിരുന്നു.
കാലടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഇയാൾ മേലധികാരികളുടെ സമ്മതമില്ലാതെ പെരുന്പാവൂർ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് കസ്റ്റഡിയിലുള്ള പ്രതികളെ കാണാൻ ശ്രമിച്ചതായും തെളിഞ്ഞു. എൻഐഎ ഉദ്യോഗസ്ഥർ റൂറൽ ജില്ലാ പോലീസ് മേധാവിക്കു നൽകിയ നിർദേശത്തെത്തുടർന്ന് സിയാദിന്റെ മൊബൈൽ ഫോണ് കസ്റ്റഡിയിലെടുത്തിരുന്നു.
ഫോണിൽ സേവ് ചെയ്തിരുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ നന്പറിലേക്കു പല തവണ വിളിച്ചതായും കണ്ടെത്തി. ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ടു വാട്സ്ആപ്പിലൂടെ ഇയാൾക്കു ചിത്രങ്ങളും ലഭിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുറ്റാരോപിതരാണെന്ന് അറിവുണ്ടായിട്ടും ഉത്തരവാദിത്വമുള്ള പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇയാൾക്കു ജാഗ്രതക്കുറവുണ്ടായതായി പോത്താനിക്കാട് പോലീസ് ഇൻസ്പെക്ടർ സമർപ്പിച്ച് റിപ്പോർട്ടിലുണ്ട്.