കോടിയേരിയെ അധിക്ഷേപിച്ച് പോസ്റ്റിട്ട പോലീസുകാരനു സസ്പെഷൻ
Monday, October 3, 2022 2:06 AM IST
തിരുവനന്തപുരം: മുൻ ആഭ്യന്തരമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചതിനു പിന്നാലെ സമൂഹമാധ്യമത്തിൽ അധിക്ഷേപകരമായ പോസ്റ്റ് ഷെയർ ചെയ്ത കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗണ്‍മാനെ സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഉറൂബിനെയാണു സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്.
ഉറൂബ് പിടിഎ പ്രസിഡന്റായ പോത്തൻകോട് എൽവിഎച്ച് സ്കൂളിന്റെ പിടിഎ ഗ്രൂപ്പിൽ കോടിയേരിയുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് അധിക്ഷേപകരമായ പോസ്റ്റ് ഷെയർ ചെയ്തെന്നായിരുന്നു പരാതി. സിപിഎം ആനക്കോട് ബ്രാഞ്ച് സെക്രട്ടറി എസ്. റിയാസ്, മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നൽകിയ പരാതിയെത്തുടർന്നാണു നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് എസ്എച്ച്ഒയും സ്പെഷൽ ബ്രാഞ്ചും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്കനടപടി സ്വീകരിച്ചത്.