വനാശ്രിത ഗ്രാമങ്ങളിൽ ഔഷധ സസ്യകൃഷിക്ക് തയാറെടുത്ത് വനം വകുപ്പ്
Sunday, October 2, 2022 1:09 AM IST
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വനാശ്രിത ഗ്രാമങ്ങളിൽ വനസംരക്ഷണ സമിതി- ഇക്കോ ഡവലപ്പ്മെന്റ് കമ്മിറ്റികളുടെ സഹകരണത്തോടെ ഔഷധ സസ്യകൃഷിക്ക് വനം വകുപ്പു തുടക്കം കുറിക്കുന്നു.
വനാശ്രിത സമൂഹങ്ങളുടെ വരുമാനം ഔഷധ സസ്യകൃഷിയിലൂടെ വർധിപ്പിക്കാനും അതുവഴി ഇവരുടെ ജീവിത നിലവാരം ഉയർത്താനും ലക്ഷ്യമാക്കിയുള്ള വന ഔഷധ സമൃദ്ധി പദ്ധതി ഇന്നു തുടക്കമാകും. നോർത്ത് വയനാട് ഡിവിഷനിലെ പ്ലാമൂല വന സംരക്ഷണ സമിതിയിൽ മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ദേവസ്വം ബോർഡ്, ട്രൈബൽ കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഡെവലപ്പ്മെന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ആയുർവേദ വ്യവസായ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി വനം വകുപ്പ് നടപ്പാക്കുക.