സംസ്ഥാന സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു: ബിജെപി
Friday, September 30, 2022 2:42 AM IST
കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പോപ്പുലർ ഫ്രണ്ടിനെതിരേ നടപടിയെടുക്കാതെ സംരക്ഷണം ഒരുക്കുകയാണെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്.
മറ്റു സംസ്ഥാനങ്ങള്‍ നിരോധിക്കപ്പെട്ട രാജ്യദ്രോഹ സംഘടനക്കെതിരേ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ തണുപ്പന്സമീപനം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ തിടുക്കപ്പെട്ടു നടപടിയെടുക്കരുതെന്നാണു മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ പറഞ്ഞതെന്നാണു മാധ്യമ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടിന്റെയും അവിഹിതസഖ്യത്തിന്റെയും പ്രത്യുപകാരമാണിതെന്ന് ഉറപ്പാണ്. നിയമപ്രകാരം മതി നടപടിയെന്നാണു പിണറായി പറയുന്നത്.
രാജ്യത്തെ നിയമപ്രകാരമാണ്, ദേശസുരക്ഷയ്ക്കു ഭീഷണി ഉയര്‍ത്തിയ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടതില്ലെന്ന സീതാറാം യെച്ചൂരിയുടെയും എം.വി.ഗോവിന്ദന്റെയും നിലപാട്. സിപിഎമ്മിന്റെ ഈ നിലപാടിനൊപ്പമാണ് പിണറായി സര്‍ക്കാരുമെന്നു വ്യക്തമായിരിക്കുകയാണ്-സുരേന്ദ്രൻ പറഞ്ഞു.