അച്ഛനും മകൾക്കും മർദനമേറ്റ സംഭവം: ഒരു ജീവനക്കാരനുകൂടി സസ്പെൻഷൻ
Wednesday, September 28, 2022 1:48 AM IST
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കണ്സഷൻ എടുക്കാനെത്തിയ വിദ്യാർഥിനിയോടും പിതാവിനോടും അപമര്യാദയോടെ പെരുമാറിയ സംഭവത്തിൽ ഒരു ജീവനക്കാരനെക്കൂടി കെഎസ്ആർടിസി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. കാട്ടാക്കട യൂണിറ്റിലെ മെക്കാനിക് എസ്. അജികുമാറിനെയാണു സസ്പെൻഡ് ചെയ്തത്.
വിജിലൻസ് വിഭാഗം അന്വേഷണത്തിന്റെ ഭാഗമായി വീഡിയോ പരിശോധിച്ചപ്പോഴാണ് അജികുമാർ സംഭവത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയത്. ഇതേത്തുടർന്നാണു നടപടി സ്വീകരിച്ചത്. സംഭവത്തിൽ നേരത്തേ നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, വിദ്യാർഥിനിയുടെ പിതാവ് പ്രേമനൻ കേസിനോടനുബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. സംഭവത്തിൽ മുൻവൈരാഗ്യം ഉണ്ടെന്നും കേസിൽ പട്ടികജാതി വർഗ വകുപ്പുകൂടി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണു പരാതി നൽകിയിട്ടുള്ളത്.