സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ ജാമ്യാപേക്ഷയുമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഹൈക്കോടതിയില്‍
Wednesday, September 28, 2022 1:48 AM IST
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ ജാമ്യാപേക്ഷയുമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു.
അന്വേഷണം ഏതാണ്ട് പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നാണു പ്രതികളുടെ ആവശ്യം. തങ്ങളോടുള്ള ശത്രുതയാണു കേസിൽ പെടുത്താൻ കാരണം. കേസിൽ പോലീസിനു ഗൂഢോദ്ദേശ്യമുണ്ട ന്നും തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പ്രതികൾ ആരോപിക്കുന്നു. ഡിവൈഎഫ്ഐ നേതാവ് അരുൺ അടക്കം അഞ്ച് പ്രതികളാണ് ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
തന്റെ ഭാര്യയെ ആദ്യം സെക്യൂരിറ്റി ജീവനക്കാരനാണ് ആക്രമിച്ചതെന്നും അതിൽ പരാതി നൽകിയതിലുള്ള വിരോധമായിരുന്നു സെക്യൂരിറ്റി ജീവനക്കാരനെന്നും അരുൺ ഹര്‍ജിയില്‍ പറയുന്നു. നേരത്തേ കോഴിക്കോട് സെഷൻസ് കോടതി പ്രതികളുടെ ഹർജി തള്ളിയിരുന്നു. കേസില്‍ ഒളിവിലുള്ള രണ്ടു പ്രതികളെ പിടികൂടാത്തതിനെതിരേ സുരക്ഷാ ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.