യൂത്ത് കോണ്‍ഗ്രസ് ക്രൈംബ്രാഞ്ച് എസ്പി ഓഫിസിലേക്കു മാർച്ച് നടത്തി
Sunday, September 25, 2022 1:22 AM IST
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ ജിതിനെ കള്ളക്കേസിൽ കുടുക്കിയ പോലീസിന്റെയും ആഭ്യന്തരവകുപ്പിന്റെയും നടപടിയിൽ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ ക്രൈംബ്രാഞ്ച് എസ്പി ഓഫിസിലേക്കു മാർച്ച് നടത്തി. ബാരിക്കേഡ് മറികടന്നു തള്ളിക്കയറാൻ ശ്രമിച്ചത് പോലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷത്തിനും ഇടയാക്കി.
അറസ്റ്റിലായ ജിതിൻ സംഭവസമയം ധരിച്ചിരുന്ന ടീ ഷർട്ട്, ചെരുപ്പ് എന്നിവ അടക്കം കണ്ടെത്തുന്നതിനായി ഇന്നലെ തെളിവെടുപ്പു നടത്തി. ആറ്റിപ്ര, കഴക്കൂട്ടം, പട്ടം മേഖലകളിലായിരുന്നു തെളിവെടുപ്പ്. കഴിഞ്ഞ ജൂണ്‍ 30ന് രാത്രിയിലാണ് എകെജി സെന്ററിനു നേർക്കു പടക്കമെറിഞ്ഞത്.
സംഭവ ദിവസം രാത്രി 11ന് കാറിൽ ഗൗരീശപട്ടത്തെത്തിയ ജിതിൻ, ഇവിടെയുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നു സ്കൂട്ടറിൽ കയറി 11.25നോടെ എകെജി സെന്ററിനു നേർക്കു പടക്കമെറിഞ്ഞു രക്ഷപ്പെട്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും കഞ്ചാവ് കേസിൽ പ്രതിയാക്കുമെന്നു ഭീഷണിപ്പെടുത്തി പോലീസ് കുടുക്കിയതാണെന്നും ജിതിൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കുറ്റസമ്മതം നടത്തിയില്ലെങ്കിൽ കുടുംബത്തെ തകർക്കുമെന്നു പറഞ്ഞു നിരന്തരം ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തി പീഡിപ്പിച്ചതായും ജിതിൻ മാധ്യമ പ്രവർത്തകരോടു പറഞ്ഞിരുന്നു.