വാഹനം വിറ്റോളൂ... പക്ഷേ ആര്‍ടി രേഖകള്‍ മാറ്റിയില്ലെങ്കില്‍ പണി കിട്ടും
സ്വന്തം ലേഖകന്‍
Saturday, September 24, 2022 12:49 AM IST
കോഴിക്കോട്: വാഹനം വിൽക്കുന്നവരുടെ ശ്രദ്ധയ്ക്കായി നിരവധി നിർദേശങ്ങളുമായി കേരള പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുമെന്നു വ്യക്തമാക്കിക്കൊണ്ടാണു ദീർഘമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
വാഹനങ്ങൾ ഉൾപ്പെടുന്ന അപകടങ്ങൾ / കുറ്റകൃത്യങ്ങൾ, ട്രാഫിക് ലംഘനങ്ങൾ എന്നിവ സംബന്ധിച്ച ഏതൊരു ബാധ്യതയും ആര്‍ടിഒ രേഖകൾ പ്രകാരം വാഹനത്തിന്റെ രജിസ്റ്റർ ചെയ്ത ഉടമയിലായിരിക്കും. നിങ്ങളുടെ വാഹനം വിൽക്കുമ്പോൾ ഉടമസ്ഥാവകാശ കൈമാറ്റത്തിന്റെ (ഫോം 29, 30) ഉത്തരവാദിത്തം ഉടമയ്ക്കാണ്. അതിനാൽ വാഹനം കൈമാറ്റം ചെയ്യുമ്പോൾത്തന്നെ വാഹനം വാങ്ങുന്നയാളുടെ പേരിലേക്കു മാറ്റിയിരിക്കണം.
വളരെ ലളിതമായ നടപടിക്രമങ്ങൾ മാത്രമേ ഇക്കാര്യത്തിലുള്ളൂ.ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ വാങ്ങുന്ന ആളും വിൽക്കുന്ന ആളും സംയുക്തമായി. രണ്ടു പേരുടെയും മൊബൈലിൽ വരുന്ന ഒടിപി രേഖപ്പെടുത്തിയാൽ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാവുകയുള്ളൂ. വിൽക്കുന്ന ആളുടെയോ വാങ്ങുന്ന ആളുടെയോ താമസ പരിധിയിലുള്ള ഓഫീസിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.അനുബന്ധ രേഖകളും പ്രിന്റ് ചെയ്ത അപേക്ഷയുടെ ഒപ്പിട്ട സ്കാൻ ചെയ്ത പകർപ്പും ഓൺലൈനായി അപ് ലോഡ് ചെയ്യാം.
അപേക്ഷ ആർടി ഓഫീസിൽ സജ്ജീകരിച്ച പെട്ടിയിൽ നിക്ഷേപിച്ചാലും മതി. കൈമാറ്റം ചെയ്യപ്പെടുന്ന വാഹനം സംബന്ധിച്ച് എന്തെങ്കിലും ശിക്ഷാ നടപടികളോ വകുപ്പ് തല ഒബ്ജക്ഷൻസോ ഉണ്ടെങ്കിൽ ആയതു തീർപ്പുകൽപ്പിച്ചതിനുശേഷം മാത്രമേ ഉടമസ്ഥാവകാശ മാറ്റം നടത്താൻ സാധിക്കുകയുള്ളൂവെന്നും ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.