പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു
Sunday, August 14, 2022 11:54 PM IST
പാലക്കാട്: സിപിഎം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു. ഇന്നലെ രാത്രി ഒന്‍പതോടെയാണു സംഭവം. കൊട്ടേക്കാട് സ്വദേശി ഷാജഹാനാണു കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമിച്ചത്.
കുന്നങ്കാട് എന്ന സ്ഥലത്ത് സുഹൃത്ത് രാജനുമായി സംസാരിച്ചുനിൽക്കുന്പോഴാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉടൻതന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിനു പിന്നിലെന്ന് സിപിഎം പ്രാദേശിക നേതാക്കൾ പറഞ്ഞു. കൊല്ലപ്പെട്ട ഷാജഹാൻ ഒരു കേസിൽ ശിക്ഷിക്കപ്പെട്ടയാളാണെന്നു പറയുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.
കുറച്ചു ദിവസങ്ങളിലായി ഷാജഹാനുനേരെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഭീഷണിയുണ്ടായിരുന്നു. കഞ്ചാവു മാഫിയയുമായി ബന്ധപ്പെട്ടവരാണ് ആക്രമണത്തിനു പിന്നിലെന്നും അഞ്ചുപേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്നും പറയപ്പെടുന്നുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.