നാലാം ദിനവും കെഎസ്ആർടിസി സർവീസുകൾ മുടങ്ങി
Tuesday, August 9, 2022 1:09 AM IST
തിരുവനന്തപുരം: ഇന്ധന പ്രതിസന്ധിയെ തുടർന്ന് തുടർച്ചയായ നാലാം ദിനവും സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ മുടങ്ങി. ഓർഡിനറി സർവീസുകളിൽ 25 ശതമാനവും ചില ദീർഘദൂര സർവീസുകളുമാണ് ഇന്നലെ റദ്ദായത്.
സ്വകാര്യ പന്പുകളിൽ നിന്ന് ഡീസൽ അടിച്ചാണ് നിലവിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നത്. അതേസമയം ഇന്ധന പ്രതിസന്ധി പരിഹരിക്കുന്നതിനു ധനവകുപ്പ് കെഎസ്ആർടിസിക്ക് നൽകിയ 20 കോടി രൂപ ഇന്നോ നാളെയോ കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ എത്തും.
ഈ തുക ലഭിക്കുന്നതോടെ ഇന്ധന പ്രതിസന്ധിക്കു താത്കാലിക പരിഹാരമാകുമെന്നാണ് കണക്കാക്കുന്നത്. ജൂലൈ മാസത്തെ ശന്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി കെഎസ്ആർടിസി ധനവകുപ്പിനോട് 123 കോടി രൂപ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്.