ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനെക്കുറിച്ചു തീരുമാനമെടുക്കും: മന്ത്രി ആന്റണി രാജു
Wednesday, July 6, 2022 12:43 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിക്കായി കൂടുതൽ ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിനെക്കുറിച്ചു സർക്കാർ തീരുമാനമെടുക്കുമെന്നു മന്ത്രി ആന്റണി രാജു. 700 സിഎൻജി ബസുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു.
2021ൽ ഇക്കാര്യം തീരുമാനിക്കുന്പോൾ 54 രൂപയായിരുന്നു സിഎൻജിക്കു വില. ആറു മാസത്തിനിടെ വില ക്രമാതീതമായി വർധിച്ച് ഇപ്പോൾ 83 രൂപയായിരിക്കുന്നു. ഈ സാഹചര്യത്തിൽ സിഎൻജി ബസുകൾ വാങ്ങുന്നത് ലാഭകരമാകുമോയെന്നു സർക്കാർ പരിശോധിക്കുകയാണ്.
ആറു മാസത്തെ സിഎൻജി വില പരിശോധിച്ച ശേഷം ഏതു ബസ് വാങ്ങണമെന്നതിൽ അന്തിമ തീരുമാനമെടുക്കും. ഡീസൽ ബസുകൾക്ക് 32 മുതൽ 35 ലക്ഷം രൂപ വരെയാണു വില. സിഎൻജി ബസിന് ഇത് 37 മുതൽ 40 ലക്ഷം വരെയാണ്.
ഇലക്ട്രിക് ബസുകൾക്കു പരിപാലന ചെലവടക്കം 90 ലക്ഷമാണ് വില. ഡീസൽ ബസിന് കിലോമീറ്ററിന് 27 രൂപ ചെലവു വരുന്പോൾ സിഎൻജിക്ക് 20 രൂപയാണ് ചെലവ്.