വനത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു
Wednesday, July 6, 2022 12:43 AM IST
നിലന്പൂർ: ആഢ്യൻപാറയിലെ വനത്തിനുള്ളിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. പ്ലാക്കൽചോല കോളനിയിലെ കുട്ടിപെരകന്റെ മകൻ ബാബുവാണ് ഒരു രാത്രി മുഴുവൻ പന്തിരായിരം വനത്തിനുള്ളിൽ അകപ്പെട്ടത്. ഇന്നലെ രാവിലെ 9.30നാണു രക്ഷപ്പെടുത്തിയത്. ഈന്ത് ശേഖരിക്കാനായി തിങ്കളാഴ്ച രാവിലെ പത്തോടെ വനത്തിൽ പോയതായിരുന്നു.
തലയ്ക്കും കാലിനും പരിക്കേറ്റ ബാബുവിനെ ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്നു നിലന്പൂർ ജില്ലാശുപത്രിയിലേക്കു മാറ്റി.
പുഴയ്ക്ക് കുറുകെ വടം കെട്ടി മറുകരയിൽ എത്തിക്കാനുള്ള ശ്രമം ഒരു ഭാഗത്ത് നടക്കുന്പോൾത്തന്നെ വനത്തിലൂടെയുള്ള നടപ്പാതവഴി എത്തിയ നാട്ടുകാർ ബാബുവിനെ വനപാതയിലൂടെ തന്നെ നാട്ടിലെത്തിച്ചു.