കേന്ദ്ര വിദ്യാഭ്യാസ നയം ഫെഡറൽ വ്യവസ്ഥയ്ക്ക് എതിര് : മന്ത്രി ആർ.ബിന്ദു
Wednesday, July 6, 2022 12:16 AM IST
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ നയം ഫെഡറൽ വ്യവസ്ഥയ്ക്ക് എതിരാണെന്നു മന്ത്രി ആർ.ബിന്ദു സഭയിൽ പറഞ്ഞു. ഇതിനെ എങ്ങനെ മറികടക്കാമെന്നാണു സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. പ്രാന്തവത്കരിക്കപ്പെട്ട വിഭാഗങ്ങളെ മുൻനിരയിൽ കൊണ്ടുവരാനുള്ള നയമാണു സംസ്ഥാനത്തിന്റേത്. എന്നാൽ ഇതിനെ പാടേ അവഗണിക്കുന്ന നയമാണ് കേന്ദ്രത്തിന്റേത്.
നാല് വർഷ ഡിഗ്രി കോഴ്സുകൾക്ക് ആവശ്യമായ കരിക്കുലം ചട്ടക്കൂട് യുജിസി നിർദേശങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ സർവകലാശാലകൾ രൂപകല്പന ചെയ്യേണ്ടതുണ്ട്. നിലവിലെ മൂന്നു വർഷ ബിരുദ കോഴ്സുകൾ നാല് വർഷ പ്രോഗ്രാമുകളായി യാന്ത്രികമായി മാറ്റാൻ കഴിയില്ല.
ഇതിനാവശ്യമായ അക്കഡേമിക് പശ്ചാത്തല സൗകര്യങ്ങളും സർവകലാശാലകളിലും കോളജുകളിലും അധികമായി കണ്ടെത്തേണ്ടി വരും. ഇത് വിദ്യാർഥികളുടെ പഠനച്ചെലവ് വർധിക്കാനും പഠനം പൂർത്തീകരിക്കാതെയുള്ള കൊഴിഞ്ഞു പോക്കിനും ഇടയാക്കിയേക്കുമെന്നും മന്ത്രി പറഞ്ഞു. ഡോ. ശ്യാം ബി. മേനോൻ ചെയർമാനായ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷനെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഘടനയും ഉള്ളടക്കവും പരിഷ്ക്കരിക്കുന്നതിനു നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.