ക്ഷീരകര്‍ഷകരുടെ വരുമാനം ഇരട്ടിയാകും: കേന്ദ്ര മന്ത്രി
Wednesday, July 6, 2022 12:16 AM IST
കൊച്ചി: ക്ഷീരകര്‍ഷകര്‍ക്ക് നിലവില്‍ ലഭിക്കുന്നതിന്റെ ഇരട്ടി വരുമാനം ലഭിക്കുന്നതിനുതകുന്ന വിവിധ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര ക്ഷീരവികസന സഹമന്ത്രി ഡോ. എല്‍. മുരുകന്. മില്‍മയുടെ എറണാകുളം ഡയറിയില്‍ പ്രതിദിനം രണ്ട് മെഗാ വാട്ട് ഉത്പാദനശേഷിയുള്ള സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. ‘ഇന്ത്യയുടെ പാല്ക്കാരന്’ എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ സ്മരണാര്‍ഥം മില്‍മ ഇടപ്പള്ളി ഹെഡ് ഓഫീസ് കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള അര്‍ധകായ പ്രതിമ മന്ത്രി ചിഞ്ചുറാണി അനാച്ഛാദനം ചെയ്തു.
ഡോ. വര്‍ഗീസ് കുര്യന്റെ പ്രതിമ നിര്‍മിച്ച ശില്പിയെ ബെന്നി ബഹനാന് എംപി ചടങ്ങില്‍ ആദരിച്ചു. ഇന്ത്യന്‍ ജൂണിയര്‍ വോളിബാള്‍ ടീം ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട മില്‍മ ഇടപ്പള്ളി പ്രോഡക്ടസ് ഡയറിയിലെ കാഷ്വല്‍ ജീവനക്കാരി ലൈജിയുടെ മകള്‍ ഭൂമികയെ കേന്ദ്ര സഹമന്ത്രി മൊമെന്റോ നല്കി ആദരിച്ചു. ഹൈബി ഈഡന് എംപി, മില്‍മ സംസ്ഥാന ഫെഡറേഷന് ചെയര്മാന് കെ.എസ്. മണി തുടങ്ങിയവർ പങ്കെടുത്തു.