പ്രസവത്തിനിടെ ശിശു മരിച്ചതിനുപിന്നാലെ അമ്മയും മരിച്ചു
Tuesday, July 5, 2022 1:23 AM IST
പാലക്കാട്: പ്രസവത്തിനിടെ ശിശു മരിച്ചതിനു പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപ്പിഴവ് ആരോപിച്ച് ആശുപത്രിക്കു മുന്നിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു.
തത്തമംഗലം ചെന്പകശ്ശേരി സ്വദേശിനിയായ ഐശ്വര്യ(25)യാണു മരിച്ചത്. ഞായറാഴ്ച രാത്രി ഐശ്വര്യയുടെ കുഞ്ഞ് മരിച്ചതിനെത്തുടർന്ന് ആശുപത്രി അധികൃതർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തിരുന്നു. പാലക്കാട് യാക്കര തങ്കം ആശുപത്രിയിലാണു സംഭവം.
പ്രസവശേഷം ഗുരുതര ആരോഗ്യപ്രശ്നങ്ങളോടെ ചികിത്സയിലായിരുന്നു ഐശ്വര്യ. ഇന്നലെ രാവിലെ പത്തോടെയാണു മരിച്ചത്. അമിത രക്തസ്രാവത്തെത്തുടർന്നാണു മരണമെന്നാണ് പോസ്റ്റ്മോർട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോർട്ട്.
കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ അറിയിക്കാതെ ആശുപത്രി ജീവനക്കാർ മറവുചെയ്തിരുന്നു. പരാതി ഉയർന്നതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. ഡോ. അജിത്, ഡോ. നിള, ഡോ. പ്രിയദർശിനി എന്നിവർക്കെതിരെയാണു പാലക്കാട് ടൗണ് സൗത്ത് പോലീസ് മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തിരിക്കുന്നത്.
പാലക്കാട് ഡിവൈഎസ്പിയും കളക്ടറുടെയും നിർദ്ദേശത്തെത്തുടർന്ന് ആർഡിഒയും ആശുപത്രിയിലെത്തി ബന്ധുക്കളും നാട്ടുകാരുമായി ചർച്ച നടത്തി. രണ്ടു മരണങ്ങളിലും കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം ബന്ധപ്പെട്ട ഡോക്ടർമാർക്കും ആശുപത്രിക്കുമെതിരേ നടപടി സ്വീകരിക്കുമെന്നുമുള്ള ഉറപ്പിലാണു പ്രതിഷേധം അവസാനിപ്പിച്ചത്.
മൃതദേഹം ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്കു മാറ്റി. തത്തമംഗലം ചെന്പകശ്ശേരി മോഹനൻ-വത്സല ദന്പതികളുടെ മകൻ രഞ്ജിത്താണു ഐശ്വര്യയുടെ ഭർത്താവ്. കൊഴിഞ്ഞാന്പാറ അത്തിക്കോട് പണിക്കർകളം സ്വദേശി മോഹനൻ-ഓമന ദന്പതികളുടെ മകളാണ് ഐശ്വര്യ. സഹോദരി അശ്വതി.
കോയന്പത്തൂരിലെ ഐടി കന്പനി ജീവനക്കാരാണു മരിച്ച ഐശ്വര്യയും ഭർത്താവ് രഞ്ജിത്തും.
കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി
കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ അറിയിക്കാതെ ആശുപത്രി ജീവനക്കാർ മറവുചെയ്തുവെന്ന പരാതി ഉയർന്നതോടെ പോലീസ് ഇടപെട്ട് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.
കുഞ്ഞിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിവരിഞ്ഞ നിലയിലായിരുന്നുവെന്നും ഇതുമൂലം വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.