എകെജി സെന്റർ ആക്രമണം: ഇ.പി.യുടെ വാദം തള്ളി കാനം
സ്വന്തം ലേഖകൻ
Sunday, July 3, 2022 3:56 AM IST
തൃശൂർ: എകെജി സെന്റർ ആക്രമണത്തിൽ ഇ.പി. ജയരാജന്റെ വാദം തള്ളി കാനം രാജേന്ദ്രൻ. കോണ്‍ഗ്രസുകാരാണ് ആക്രമണത്തിനു പിന്നിലെന്ന് ജയരാജൻ പറയുന്നുണ്ടല്ലോ എന്ന് കാനത്തോടു ചോദിച്ചപ്പോൾ പ്രതികളെ പോലീസ് അന്വേഷിച്ചു കണ്ടെത്തട്ടെയെന്നായിരുന്നു തൃശൂരിൽ വാർത്താലേഖകരോടു കാനത്തിന്റെ മറുപടി. മികച്ച റിക്കാർഡുള്ള പോലീസുകാരാണ് നമ്മുടേതെന്നും അവർ നിശ്ചയമായും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ഇ.പി. ജയരാജൻ പറയുന്ന ഭാഷയല്ലല്ലോ താങ്കളുടേതെന്ന് ചോദിച്ചപ്പോൾ ഭാഷ എന്നത് വ്യക്തികളെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും ഓരോരുത്തർക്കും ഓരോ ശൈലിയായിരിക്കുമെന്നുമായിരുന്നു കാനത്തിന്റെ മറുപടി. സഭയ്ക്കകത്ത് ആരോപണങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നായിരുന്നു മാത്യു കുഴൽനാടൻ സഭയിൽ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് കാനത്തിന്റെ മറുപടി.
എകെജി സെന്റർ ആക്രമണംനടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും കുറ്റവാളികളെ പിടികൂടാൻ കഴിയാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് 24 മണിക്കൂറിനകം എല്ലാ കേസും പിടിക്കണമെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നായിരുന്നു കാനത്തിന്റെ മറു ചോദ്യം. സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ചോദ്യത്തിന് കനത്ത സുരക്ഷയുണ്ടായിട്ടും പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടില്ലേ എന്നായിരുന്നു കാനത്തിന്റെ പ്രതികരണം.