തളിപ്പറന്പിൽ ബസ് മറിഞ്ഞ് നഴ്സ് മരിച്ചു; 20 പേർക്കു പരിക്ക്
Thursday, June 30, 2022 1:00 AM IST
തളിപ്പറമ്പ്: ദേശീയപാതയിൽ കുറ്റിക്കോലില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരിയായ നഴ്സ് മരിച്ചു.
നെല്ലിക്കുറ്റി പാലോലിൽ ടോമിയുടെ മകളും ഏറ്റുപാറ സ്വദേശി ചക്കാങ്കൽ നിധിനിന്റെ ഭാര്യയുമായ ജോബിയ ജോസഫ് (28) ആണ് മരിച്ചത്. കണ്ണൂർ ചാല ആംസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സായ ജോബിയ ജോലി കഴിഞ്ഞ് ചെന്പേരിയിലെ വീട്ടിലേക്ക് മടങ്ങവെ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.
കണ്ണൂരിൽനിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ‘പിലാക്കുന്നേൽ’ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിനുള്ളില്‍ കുടുങ്ങിപ്പോയ ജോബിയയെ അഗ്നിരക്ഷാസേനയെത്തി അര മണിക്കൂറോളം പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ബസിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്ന അഭ്യൂഹം ഏറെനേരം ആശങ്ക പരത്തി. കുപ്പത്തുനിന്നെത്തിയ ഖലാസികളുടെ നേതൃത്വത്തില്‍ അപകടത്തിൽപ്പെട്ട ബസ് ഉയർത്തി ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയതോടെയാണ് ആശങ്കയ്ക്കു വിരാമമായത്.
അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ജോബിയയുടെ സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ഏറ്റുപാറ സെന്റ് അൽഫോൻസാ പള്ളിയിൽ നടക്കും. ഏകമകൻ എയ്ബൽ അഗസ്റ്റോ നിധിൻ (രണ്ടു വയസ്). സഹോദരൻ: ജോബിൻ.