കരമനയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു
Thursday, June 30, 2022 12:13 AM IST
തിരുവനന്തപുരം (പേരൂർക്കട): കരമനയാറ്റിൽ കുളിക്കാനിറങ്ങിയ എൻജിനിയറിംഗ് വിദ്യാർഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് സ്വദേശി രാഹുൽ (21), മൂവാറ്റുപുഴ സ്വദേശി ഡയസ് (22) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.30നായിരുന്നു സംഭവം.
തിരുവനന്തപുരം എൻജിനിയറിംഗ് കോളജിലെ മൂന്നാംവർഷ വിദ്യാർഥികളായ നാലംഗ സംഘമാണ് വട്ടിയൂർക്കാവ് മൂന്നാംമൂട് ആയിരവല്ലി ക്ഷേത്രത്തിനു സമീപം കരമനയാറ്റിൽ കുളിക്കാനെത്തിയത്. ഇവരിൽ രാഹുലും ഡയസും മാത്രമാണ് കടവിലേക്ക് ഇറങ്ങിയത്. യുവാക്കൾ കാൽ തെറ്റി വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു.
കടവിന്റെ ഭാഗത്ത് അധികം ആഴം ഇല്ലാതിരുന്നിട്ടും നീന്തൽ വശമില്ലാതിരുന്നതാണ് യുവാക്കളുടെ മരണത്തിന് കാരണമായത്. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളികേട്ട് നാട്ടുകാരാണ് വിവരം പോലീസിലും ഫയർഫോഴ്സിലും അറിയിക്കുന്നത്.
തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽ നിന്ന് സ്റ്റേഷൻ ഓഫീസർ നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാർഥികളെ പുറത്തെടുത്തത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചാണ് രാഹുലിന്റെ മരണം സ്ഥിരീകരിച്ചത്. ശാസ്തമംഗലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ് ഡയസിന്റെ മരണം സ്ഥിരീകരിച്ചത്.