സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി എല്ലാ മെഡിക്കൽ കോളജുകളിലും നടപ്പാക്കും: മന്ത്രി
Wednesday, June 29, 2022 12:43 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആദ്യഘട്ടമായി അത്യാഹിത വിഭാഗങ്ങൾ രോഗീസൗഹൃദമാക്കും.
അത്യാഹിത വിഭാഗങ്ങളിൽ അസി. പ്രഫസർ റാങ്കിലുള്ള സീനിയർ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. അത്യാഹിത വിഭാഗത്തിലെത്തുന്നവരോട് അനുഭാവപൂർവമായ സമീപനം ജീവനക്കാർ സ്വീകരിക്കണമെന്നും മന്ത്രി നിർദേശം നൽകി. എല്ലാ മെഡിക്കൽ കോളജുകളിലേയും സൂപ്രണ്ടുമാരുടെ യോഗത്തിലാണു മന്ത്രി നിർദേശം നൽകിയത്.
രോഗികളുടെ കൂടെയെത്തുന്നവർക്ക് സഹായകരമായി രക്തം മുതലായ സാമ്പിളുകൾ ശേഖരിക്കാനുള്ള കളക്ഷൻ സെന്ററുകൾ അത്യാഹിത വിഭാഗത്തോടനുബന്ധിച്ചു സ്ഥാപിക്കും. രോഗികളുടെ വിവരങ്ങളും ഐസിയു വെന്റിലേറ്റർ തുടങ്ങിയവയുടെ വിവരങ്ങളും അറിയാൻ കൺട്രോൾ യൂണിറ്റുകൾ, ഹൃദയസംബന്ധമായ രോഗങ്ങളുമായി വരുന്നവരുടെ അടിയന്തര ചികിത്സയ്ക്കായി ചെസ്റ്റ് പെയിൻ ക്ലിനിക്കുകൾ എന്നിവ സ്ഥാപിക്കും. രോഗികൾക്കു കുറഞ്ഞ സമയത്തിനുള്ളിൽ വേഗത്തിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ അത്യാഹിത വിഭാഗത്തിൽ സൂപ്പർ സ്പെഷാലിറ്റി സേവനമൊരുക്കും.
ചികിത്സാരംഗത്തും അക്കാ ഡമിക് രംഗത്തും ഗവേഷണരംഗത്തും മികവ് പുലർത്തുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് തിരുവനന്തപുരത്തിനു പുറമേ ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ വ്യാപിപ്പിക്കും. എല്ലാ മെഡിക്കൽ കോളജുകളും മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.