കൊച്ചി വിമാനത്താവളത്തിൽ 20 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Sunday, May 29, 2022 1:36 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്നു വേട്ട. കൊച്ചിയിലെത്തിയ വിദേശ പൗരന്റെ പക്കൽനിന്ന് 20.18 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽനിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസാണ് ടാൻസാനിയൻ പൗരൻ മുഹമ്മദ് അലിയുടെ പക്കൽനിന്ന് മയക്കുമരുന്ന് കണ്ടെടുത്തത്. ട്രോളി ബാഗിൽ പ്രത്യേകം ക്രമീകരിച്ച അറയ്ക്കുള്ളിൽ അതീവ രഹസ്യമായിട്ടാണ് 2,884 ഗ്രാം ഹെറോയിൻ ഒളിപ്പിച്ചിരുന്നത്.
കേപ്ടൗണിൽനിന്ന് ഗൾഫ് വഴിയാണ് മുഹമ്മദ് അലിയു കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഇയാൾ അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് ലോബിയുടെ കണ്ണിയാണെന്ന് ഡിആർഐ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്ത് ലഭിക്കാവുന്നത്ര വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു മയക്കുമരുന്നുമായെത്തിയ യുവതികൾ ഉൾപ്പെടെയുള്ള സംഘങ്ങൾ ഇതിനു മുന്പും കൊച്ചിയിൽ പിടിയിലായിട്ടുണ്ട്.
നിശ്ചിത കാലത്തിനുശേഷം കോടതിയുടെ ഇടപെടൽ മൂലം ഇവരെ തിരിച്ചയക്കേണ്ടിവന്നതിനാൽ കേസുകൾക്ക് തെളിവുണ്ടാക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.