ബിജെപി എംഎൽഎയുടെ ഭാര്യാസഹോദരിയെ കൊച്ചി വിമാനത്താവളത്തിൽ തടഞ്ഞുവച്ചു
Sunday, May 29, 2022 1:36 AM IST
നെടുമ്പാശേരി: ഉത്തരാഖണ്ഡ് ബിജെപി എംഎൽഎയുടെ ഭാര്യാസഹോദരിയെ ലുക്കൗട്ട് നോട്ടീസിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ചു. തെഹ്രി എംഎൽഎ കിഷോർ ഉപാധ്യായയുടെ ഭാര്യാസഹോദരി നാസിയ യൂസഫ് ഇസുദ്ദീനെയാണ് തടഞ്ഞത്.
ഭൂമിതട്ടിപ്പു കേസിൽ പ്രതിയായതിനെത്തുടർന്നാണ് ഇവർക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. നാസിയ സിംഗപ്പൂരിലേക്ക് പോകാൻ എത്തിയപ്പോഴായിരുന്നു സംഭവം. കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് നെടുമ്പാശേരി പോലീസിന് കൈമാറി. ഇതിനിടെ കേരള ഹൈക്കോടതിയിൽ അടിയന്തരമായി സമർപ്പിച്ച ഹർജിയിൽ അനുകൂലമായി ഉത്തരവുണ്ടായതിനെത്തുടർന്ന് താമസിയാതെതന്നെ വിട്ടയച്ചു.