സ്കൂൾ മേൽക്കൂര നിർമാണത്തിനും
ഫിറ്റ്നസ് സർട്ടിഫിക്കറ്റിനും മാർഗനിർദേശം പുറത്തിറക്കി
Sunday, May 29, 2022 12:58 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെയും അങ്കണവാടികളുടെയും മേൽക്കൂര നിർമാണത്തിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാനും മാർഗനിർദേശം പുറത്തിറക്കിയതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ജൂൺ ഒന്നിന് പുതിയ അധ്യയന വർഷം തുടങ്ങുന്ന സാഹചര്യത്തിലാണ് അടിയന്തര നിർദേശം.
പുതുതായി നിർമിക്കുന്ന സർക്കാർ സ്കൂൾ കെട്ടിടങ്ങൾക്കും അങ്കണവാടികൾക്കും നിശ്ചിത നിലവാരത്തിലുള്ള നോൺ ആസ്ബസ്റ്റോസ് ഷീറ്റ് മേൽക്കൂരകൾ ഉപയോഗിക്കാം. നോൺ ആസ്ബസ്റ്റോസ് ഹൈ ഇമ്പാക്ട് പോളി പ്രൊപിലിൻ റീ ഇൻഫോഴ്സ്ഡ് സിമന്റ് 6 എംഎം തിക്ക് കൊറുഗേറ്റ് ഷീറ്റ് ഉപയോഗിക്കാനാണ് അനുമതി. സ്വകാര്യ സ്കൂൾ കെട്ടിടങ്ങൾക്ക് ഇതിന് പുറമേ നോൺ ആസ്ബസ്റ്റോസ് സാൻഡ് വിച്ച് ഷീറ്റ് ഉപയോഗിച്ചും മേൽക്കൂര നിർമിക്കാം.
ടിൻ/അലുമിനിയം/ഷീറ്റ് മേഞ്ഞ സ്കൂൾ/അങ്കണവാടി കെട്ടിടങ്ങൾക്ക് അടുത്ത അധ്യയന വർഷത്തിനുള്ളിൽ ഫാൾസ് സീലിംഗ് ചെയ്യണം. ഇതിനൊപ്പം ഫാനും ഘടിപ്പിക്കണം. ഈ നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഫിറ്റ്നസ് നൽകും.
സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് നടത്തിയ ഉന്നതയോഗം സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. 2019ലെ കേരള കെട്ടിട നിർമാണ ഭേദഗതി പ്രകാരം 1000 ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് ഫയർ ആൻഡ് സേഫ്റ്റി അനുമതി നിഷ്കർഷിച്ചിട്ടുണ്ട്.
2019ന് മുൻപ് ഇത്തരമൊരു അനുമതി ആവശ്യം ഇല്ലാത്തതിനാൽ സ്കൂളുകളിൽ അതിനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. ഈ പ്രശ്നത്തിനാണ് പുതിയ ഉത്തരവ് വഴി പരിഹാരം കാണുന്നത്.