പോപ്പുലർ ഫ്രണ്ട് റാലിയിലെ വിവാദ മുദ്രാവാക്യം; രണ്ടു പേർ അറസ്റ്റിൽ
Wednesday, May 25, 2022 2:18 AM IST
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ജനമഹാറാലിക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ കുട്ടിയെ തോളിലേറ്റിയ ആൾ ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായി.
പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വണ്ടാനം പുതുവൽ വീട്ടിൽ പി.എ. നവാസ് (30), കുട്ടിയെ തോളിലേറ്റിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഈരാറ്റുപേട്ട നടക്കൽ പാനനായിൽ അൻസാർ നജീബ് (30) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. നവാസിന്റെ അറസ്റ്റ് ഇന്നലെ രാത്രിയോടെയാണ് രേഖപ്പെടുത്തിയത്. ജില്ലാ സെക്രട്ടറി മുജീബിനുവേണ്ടി തെരച്ചിൽ നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
കണ്ടാലറിയാവുന്നവർക്കെതിരേയാണ് കേസെടുത്തിട്ടുള്ളതെന്നും മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ദീപികയോടു പറഞ്ഞു. കുട്ടിയെ തിരിച്ചറിഞ്ഞ ശേഷം മാതാപിതാക്കളെ ചോദ്യം ചെയ്യും.
കഴിഞ്ഞ 21 ന് ആലപ്പുഴയിൽ നടന്ന റാലിയുടെ നിലവിൽ പ്രചരിക്കുന്ന വീഡിയോയിൽ മുദ്രാവാക്യം വിളിക്കുന്നതായി കാണുന്നവരെ തിരിച്ചറിഞ്ഞ ശേഷം ഇവർക്കെതിരേയും നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.
തിങ്കളാഴ്ച രാത്രി പത്തോടെ മറ്റക്കാടുള്ള സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അൻസാറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തിൽ കേസെടുത്തതു മുതൽ ഇയാളെപ്പറ്റി പോലീസ് അന്വേഷിച്ചു വരികയായിരുന്നു.
വിദേശത്തായിരുന്ന അൻസാർ നടയ്ക്കലിൽ മലഞ്ചരക്ക് വ്യാപാരം നടത്തിവരികയാണ്. അഭിഭാഷക പരിഷത്ത് നൽകിയ പരാതിയിൽ കേസെടുത്ത പോലീസ്, പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കളെ പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്.
സൗത്ത് സിഐ എസ്. അരുണിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.